ശ്രീനഗർ: കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികൻ പാക് അധീന കാശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് കരസേന അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം താംഗ്ധർ സെക്ടറിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ ലാൻസ് നായിക് സന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. മിന്നലാക്രമണം നടത്തിയ സംഘത്തിൽ സൈനികൻ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
താംഗ്ധർ സെക്ടറിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ആക്രമണത്തിനിടെ വെടിയേറ്റ സന്ദീപ് സിംഗിന് ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ മുറിവ് ആഴത്തിലുള്ളതായതിനാൽ ജീവൻ രക്ഷിക്കാനായില്ല. അതേസമയം ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം സന്ദീപ് സിങ്ങിന്റെ ഭൗതിക ശരീരം ബന്ധുക്കൾക്ക് കൈമാറി.