balabaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത് ഞെട്ടലോടെയാണ് കേരളം കേട്ടത്. അപകടത്തിൽ ബാലഭാസ്‌കറിന്റെ ഒന്നര വയസുള്ള മകൾ തേജസ്വിനി മരിച്ചതും തീരാത്ത വേദനയായി. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവർ അർജ്ജുനനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. വളരെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയ ബാലഭാസ്‌കറിനും ഭാര്യയ്ക്കും നടത്തിയെന്ന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് പറഞ്ഞു.


'ബാലുവിന്റെ (ബാലഭാസ്‌കർ) നട്ടെല്ലിന് പരുക്കുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ എല്ലുകൾക്കും പൊട്ടലുണ്ട്. രാവിലെ രക്തസമ്മർദ്ദം താഴ്ന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർക്ക് തടസ്സം സൃഷ്ടിച്ചിരുന്നു ഇത്. എന്നാൽ പിന്നീട് ശസ്ത്രക്രിയ നടത്താനായി. വൈകുന്നേരത്തോടെ ബാലുവിന്റെയും ഭാര്യ ലക്ഷ്മിയുടെയും ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാൽ 24 മണിക്കൂർ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഗുരുതരാവസ്ഥയിലായിരുന്നല്ലോ ബാലുവിനെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഡോക്ടർമാരോട് ഞാൻ സംസാരിച്ചിരുന്നു. ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ഉണ്ടായിരുന്നു അവിടെ..' അപകടവിവരം അറിഞ്ഞയുടൻ താൻ ആശുപത്രിയിൽ എത്തിയിരുന്നുവെന്നും പകൽ മുഴുവൻ മറ്റ് സുഹൃത്തുക്കളോടൊപ്പം അവിടെ ഉണ്ടായിരുന്നുവെന്നും വിധു പ്രതാപ് പറഞ്ഞു,

നേരത്തേ ബാലഭാസ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിധു പ്രതാപിന്റെ ഒരു ഓഡിയോ ക്ലിപ്പ് വാട്‌സാപിൽ പ്രചരിച്ചിരുന്നു. പാട്ടുകാരുടെ ഗ്രൂപ്പിൽ അദ്ദേഹം രാവിലെ പോസ്റ്റ് ചെയ്ത ക്ലിപ്പാണ് വൈകുന്നേരവും പ്രചരിച്ചിരുന്നത്.