vt-balram

 

തിരുവനന്തപുരം: സി.പി.എം നേതാവ് അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയത് കോൺഗ്രസിന്റെ ഗുണ്ടകളാണെന്ന് പറഞ്ഞ് സി.പി.എം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ എം.എൽ.എ വി.ടി ബൽറാം രംഗത്ത്. എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തിൽ കോൺഗ്രസിനെ ഇങ്ങനെ കുറ്റപ്പെടുത്താനായി സി.പി.എമ്മിന്റെ കയ്യിലുള്ളതെന്ന് ബൽറാം ചോദിച്ചു. ഈ കേസിൽ കോൺഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവർത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.

'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവർക്ക് മുന്നിൽപ്പോലും ഈ ഹീനമായ ആരോപണം സി.പി.എം അരക്കിട്ടുറപ്പിക്കാൻ നോക്കുകയാണ്. അന്ന് ഇ.എം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള സി.പി.എം നേതാക്കൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തിയ ആരോപണങ്ങളല്ലാതെ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഈ കൊലപാതകത്തിൽ ഒരു ഘട്ടത്തിലും ചിത്രത്തിൽപ്പോലും വരുന്നില്ല'- ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ വാർത്തയാണിത്. അഴീക്കോടനെ വെട്ടി കൊന്നത് കോൺഗ്രസിന്റെ ഗുണ്ടകളാണെന്ന് സിപിഎം ഇതിൽ പറയുന്നു! ഇംഗ്ലീഷിൽ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവർക്ക് മുന്നിൽപ്പോലും ഈ ഹീനമായ ആരോപണം സിപിഎം അരക്കിട്ടുറപ്പിക്കാൻ നോക്കുകയാണ്.

എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തിൽ കോൺഗ്രസിനെ ഇങ്ങനെ കുറ്റപ്പെടുത്താനായി സിപിഎമ്മിന്റെ കയ്യിലുള്ളത്? ഈ കേസിൽ കോൺഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവർത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ?

അന്ന് ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള സിപിഎം നേതാക്കൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തിയ ആരോപണങ്ങളല്ലാതെ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഈ കൊലപാതകത്തിൽ ഒരു ഘട്ടത്തിലും ചിത്രത്തിൽപ്പോലും വരുന്നില്ല. നമ്പൂതിരിപ്പാട് തന്നെ പിന്നീട് ഈ ആരോപണത്തിൽ ഉറച്ചു നിന്നിട്ടില്ല. നക്സലൈറ്റുകളാകാം കൊലക്ക് പിന്നിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പിൽക്കാലവാദം.

സിപിഎമ്മിലെയും സിഐടിയുവിലേയും ഗ്രൂപ്പ് വഴക്കായിരുന്നു കൊലപാതകത്തിൽ കലാശിച്ചത് എന്നും അക്കാലത്ത് പരക്കെ സംസാരമുണ്ടായിരുന്നു. വിമത നേതാവായ എവി ആര്യൻ പ്രതിപ്പട്ടികയിലുമുണ്ടായിരുന്നു. യാഥാർത്ഥ്യം ഇനിയും മുഴുവനായി പുറത്തുവന്നിട്ടില്ല. ഏതായാലും പിന്നീട് എത്രയോ തവണ കേരളത്തിൽ അധികാരത്തിൽ വന്ന സിപിഎം തങ്ങളുടെ ജനകീയ നേതാവായിരുന്ന അഴീക്കോടന്റെ കൊലപാതകം പുനരന്വേഷിക്കാനോ അവർ ആരോപിച്ച തരത്തിലുള്ള പ്രതികളെ പിടിക്കാനോ യാതൊരു താത്പര്യവും കാട്ടിയില്ല എന്നതാണ് ചരിത്രം.

എന്നിട്ടിപ്പോൾ എന്തിനാണ് ഇന്ത്യ മുഴുവൻ കോൺഗ്രസിനെ താത്പര്യപൂർവ്വം വീക്ഷിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു നട്ടാൽ കുരുക്കാത്ത നുണ കോൺഗ്രസിനെതിരെ ഉന്നയിച്ച് ദേശീയ തലത്തിൽ ചർച്ചയാക്കാൻ സിപിഎം കടന്നു വരുന്നത്? ഈ ഹീന പ്രചരണത്തിന്റെ ഗുണഭോക്താവ് ആരാകുമെന്ന് സിപിഎമ്മിന് വല്ല ധാരണയുമുണ്ടോ?

ബൈ ദ ബൈ എന്തായി കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ് കൊല്ലാൻ നോക്കിയ ആർഎസ്എസുകാരെ പിടിക്കുന്ന കാര്യം? വല്ലതും നടക്കുമോ?