മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായികയാകുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മഞ്ജുവാര്യർ വീണ്ടും മോഹൻലാലിന്റെ നായികയാകുന്നത്.
ക്രിസ്മസ് റിലീസായ ഒടിയനിലും ചിത്രീകരണം പുരോഗമിക്കുന്ന ലൂസിഫറിലും മഞ്ജുവാര്യർ തന്നെയാണ് മോഹൻലാലിന്റെ നായിക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത്.
ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ സന്തോഷ് ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാറിൽ മഞ്ജുവാര്യർക്കൊപ്പം കീർത്തി സുരേഷും നായികാനിരയിലുണ്ട്. തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുനാണ് മറ്റൊരു പ്രധാന താരം. പ്രണവ് മോഹൻലാലിന്റെ സാന്നിദ്ധ്യമാണ് മരയ്ക്കാറിന്റെ മറ്റൊരു ആകർഷണ ഘടകം. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ പ്രണവിന്റെ നായികയാകുന്നത്. ആകെ നാല് നായികമാരുണ്ട്. ഒരു നായികയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ. അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ.