കോട്ടയം: കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ച കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസും പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. രണ്ടു കേസുകളും കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. വൈക്കം ഡിവൈ.എസ്.പിയിൽ നിന്ന് ഈ കേസുകൾ മാറ്റിയത് പ്രധാന കേസിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ആദ്യ കേസിന് ബലം നൽകേണ്ടത് ഈ പുതിയ പരാതികളാണ്. അതാണ് അടർത്തി മാറ്റിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോക്കെതിരെയുള്ള പരാതി പിൻവലിക്കാൻ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച ഫാ. ജയിംസ് എർത്തയിലിനെ അടുത്തദിവസം തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നറിയുന്നു. ഒപ്പം പീഡന വിധേയയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഒഫ് ജീസസ് കൗൺസിലർ സിസ്റ്റർ അമലയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. കന്യാസ്ത്രീയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയ തോമസിനെതിരെയും നടപടിയുണ്ടാവുമെന്ന് അറിയുന്നു.
ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിച്ചാൽ പത്തനംതിട്ട ജില്ലയിലോ ഇടുക്കി ജില്ലയിലോ പത്തേക്കർ സ്ഥലവും ഒരു മഠവും നിർമ്മിച്ച് നൽകാമെന്നായിരുന്നു ഫാ. എർത്തയിലിന്റെ വാഗ്ദാനം. പിൻവലിച്ചില്ലെങ്കിൽ ഉണ്ടാവുന്ന ഭവിഷത്ത് വലുതാവുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. കേരളത്തിലെ ഒരു ബിഷപ്പിന്റെ ഒത്താശയിലാണ് ഫാ. എർത്തയിൽ ഇക്കാര്യം അറിയിച്ചതെന്നാണ് അറിയുന്നത്. പീഡന വിധേയയായ സിസ്റ്ററെ കാണാൻ രണ്ടു തവണ ഫാ. എർത്തയിൽ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നു. എന്നാൽ നേരിൽ കാണാൻ സാധിച്ചില്ല. പിന്നീടാണ് ടെലിഫോണിലൂടെ സിസ്റ്ററെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഇക്കാര്യം അന്നു തന്നെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പീഡന കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് കുര്യനാട് ആശ്രമത്തിലെത്തി ഫാ. എർത്തയിലിനെ ചോദ്യം ചെയ്തിരുന്നു. കോതമംഗലം സ്വദേശിയുടെ നിർദേശപ്രകാരമാണ് ഭൂമി വാഗ്ദാനം ചെയ്തതെന്നാണ് ചോദ്യം ചെയ്യൽ വേളയിൽ വൈദികൻ മൊഴി നൽകിയത്. എന്നാൽ ബിഷപ്പിന്റെ അറിവോടെ സഭയിലെ ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഫോൺ രേഖകളടക്കം ഇതിന് തെളിവായി ശേഖരിച്ചു. അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഒഫ് ജീസസ് രംഗത്തെത്തി. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് മിഷനറീസ് ഒഫ് ജീസസിന്റെ ആരോപണം. കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങാൻ ശ്രമം നടക്കുന്നുവെന്നും അവർ ആരോപിക്കുന്നു.