aadhar

 

ന്യൂഡൽഹി: സർക്കാർ സേവനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസിൽ സുപ്രീം കോടതി വിധി പ്രസ്‌താവിച്ചു. ആധാർ സുരക്ഷിതവും ജനോപകാരപ്രദവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ ഭൂരിഭാഗം ജ‌ഡ്‌ജിമാരും ആധറിനെ അനുകൂലിച്ചു. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര, ജസ്‌റ്റിസ് ഖാൻവിൽക്കർ എന്നിവർക്ക് വേണ്ടി ജസ്‌റ്റിസ് എ.കെ.സിക്രിയാണ് വിധി പ്രസ്‌താവിച്ചത്.

നാൽപ്പത് പേജുള്ള വിധിപ്രസ്‌താവമാണ് എ.കെ.സിക്രി നടത്തിയത്. ആധാർ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും, കൃത്രിമം അസാധ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ആധാറുമായി ബന്ധപ്പെട്ട സെക്ഷൻ 57, 33(പാർട്ട് 2) എന്നീ വകുപ്പുകൾ കോടതി റദ്ദാക്കി. സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ കൈമാറുന്നതാണ് സെക്ഷൻ 57. ദേശീയ സുരക്ഷയെ ബാധക്കുന്നതാണെങ്കിൽ ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥന്റെ ഇടപെടലിലൂടെ ആധാർ വിവരങ്ങൾ കൈമാറാമെന്ന നിലവിലെ വ്യവസ്ഥയും കോടതി റദ്ദാക്കി.

വിധിയിലെ മറ്റ് പ്രധാന പരാമർശങ്ങൾ:

1. സി.ബി.എസ്.ഇ, നീറ്റ്, യു.ജി.സി തുടങ്ങിയവയ്‌ക്ക് ആധാർ നിർബന്ധിതമാക്കാനാവില്ല.

2. സ്‌കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കാൻ പാടില്ല. കുട്ടികൾക്കുള്ള ഒരു പദ്ധതികളും ആധാർ ഇല്ലാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ല.

3. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, മൊബൈൽ ഫോൺ ബന്ധിപ്പിക്കുന്നതിനോ ആധാർ നിർബന്ധമാക്കാൻ കഴിയില്ല.

4. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്.

5. സ്വീകരിക്കുന്ന വിവരങ്ങൾ ആറ് വർഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

6. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.

7. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്‌ത് കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി കെ.എസ്. പുട്ടസാമി ഉൾപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധിപറയുന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാർ. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസാണ്. ആധാർ കേസിൽ 38 ദിവസത്തെ വാദം നടന്നുവെങ്കിൽ കേശവാനന്ദ ഭാരതി കേസിൽ 68 ദിവസമായിരുന്നു വാദം നടന്നത്. ആധാർ കേസിൽ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിക്കുകയായിരുന്നു.