പാറക്കടവ് : പാറക്കടവിലെ പുരാതന തറവാടായ പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്ക് ഇഷ്ടദാനം നൽകി ലീല അന്തർജനം. ഈ മനയിൽ ഇപ്പോൾ താമസക്കാരായിട്ടുളളത് ലീല അന്തർജനവും മകൻ വിനോദുമാണ്. ഭർത്താവ് മറണപ്പെട്ട ഇവരുടെ മുപ്പത് വയസുള്ള മകൻ ഭിന്നശേഷിക്കാരനുമാണ്. മനയും അതിനോട് ചേർന്ന് അറുപത്തിയൊന്ന് സെന്റ് സ്ഥലവുമാണ് ഇഷ്ടദാനമായി സേവാഭാരതിക്ക് എഴുതി നൽകിയത്. ഇഷ്ടദാനത്തിൽ തന്നെയും മകനെയും സേവാഭാരതി സംരക്ഷിക്കണം എന്ന ഉടമ്പടിയാണ് അന്തർജനം ചേർത്തിരിക്കുന്നത് .
ഒന്നര വർഷം മുൻപാണ് ലീല അന്തർജനത്തിന്റെ ഭർത്താവായ ജയന്തൻ നമ്പൂതിരി മരണപ്പെട്ടത്. ഇദ്ദേഹം തിരുവിതാംകൂർ ദേവസ്വംബോർഡിൽ മേൽശാന്തിയായിരുന്നു. ഇതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഇവർക്ക് ഇനി താങ്ങും തണലുമായി സേവാഭാരതിയുണ്ടാവും. ഇക്കാര്യത്തിൽ സേവാഭാരതിയിൽ അന്തർജനത്തിന്
പൂർണ്ണവിശ്വാസവുമുണ്ട്. ഈ മാസം മുപ്പതിനാണ് പാറക്കടവ് കുന്നപ്പിള്ളിമനയുടെ കൈമാറ്റ ചടങ്ങ് നടക്കുക. മനയുടെ പറമ്പിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സംരക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണവും ഉടൻ സേവാഭാരതിയുടെ മേൽനോട്ടത്തിൽ ആരംഭിക്കും.