കരുനാഗപ്പള്ളി: ഓരോ ദിവസവും ഏറ്റവും അവസാനമെത്തുന്ന ഭക്തനും ഭക്ഷണം നൽകിയിട്ടേ അമൃതപുരിയിലെ ഊട്ടുപുര അടയ്ക്കൂ. ആശ്രമത്തിൽ എത്തുന്ന ഒരാൾ പോലും ഭക്ഷണം കഴിക്കാതെ മടങ്ങരുതെന്ന് അമ്മയുടെ കർശന നിർദ്ദേശമുണ്ട്. വിശന്ന് വലഞ്ഞെത്തുന്നവർക്ക് വയറ് നിറയെ അന്നം നൽകണമെന്നത് ഇവിടത്തെ ചിട്ടയാണ്,രാവിലെ പ്രാതലും ചായയും. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്, വിശേഷ ദിവസങ്ങളിൽ പഴവും പായസവും. വൈകിട്ട് ചായ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയിലെ അത്താഴമടക്കം എല്ലാം സൗജന്യം. എല്ലാ ദിവസവും ആയിരങ്ങളാണ് അമ്മയുടെ പ്രസാദം കഴിച്ച് ആത്മനിർവൃതിയോടെ മടങ്ങുന്നത്. വിശേഷദിനങ്ങളിൽ പതിനായിരങ്ങളാണ് അമ്മയെ ഒരുനോക്ക് കാണാനായി ഇവിടേക്ക് ഒഴുകുന്നത്.
മാതാ അമൃതാനന്ദമയിയുടെ 65ാം ജന്മദിനാചരണത്തിന് അമൃതപുരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. അമൃതാ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ 27ന് പുലർച്ചെ മുതലാണ് ചടങ്ങുകൾ.
മഹാപ്രളയം കേരളത്തെ തകർത്തെറിഞ്ഞ സാഹചര്യത്തിൽ ഇത്തവണ അനാർഭാടമായാണ് അമ്മയുടെ പിറന്നാൾ ലോകമെമ്പാടും ആചരിക്കുന്നത്. അമ്മയുടെ പ്രത്യേക നിർദ്ദേശം പ്രകാരം എല്ലാ ആഘോഷപരിപാടികളും മാറ്റിവയ്ക്കുകയായിരുന്നു. എന്നിട്ടും അമൃതപുരി ആഹ്ളാദത്തിമിർപ്പിലാണ്. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ഭക്തർ ഇങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരുടെ വലിയൊരു സംഘം ഇന്ന് രാത്രിയോടെ എത്തിച്ചേരും.ജയന്തി ദിനാചരണത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്തരെ ഉൾക്കൊള്ളാൻ കടൽതീരത്തും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പഴുതടച്ച സുരക്ഷാവലയം
ജന്മദിനാചരണത്തിന്റെ ഭാഗമായി അമൃതപുരിയും അമൃതാ എൻജിനിയറിംഗ് കോളേജും പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. അമ്മയുടെ സുരക്ഷ പൂർണമായും കേന്ദ്രസേനയ്ക്കാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ മഠത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പോയിന്റുകൾ നിശ്ചയിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. സൂഷ്മമായ പരിശോധനക്ക് ശേഷമേ എല്ലാവരെയും ഉള്ളിലേക്ക് കടത്തി വിടൂ. മഠത്തിന് പുറത്ത് കരുനാഗപ്പള്ളിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ശക്തമായ സാന്നിദ്ധ്യമുണ്ട്. മഠം സ്വന്തം നിലയിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.