chandrachud

 ന്യൂഡൽഹി: ആധാർ ബില്ലിനെ മണി ബില്ലായി നടപ്പാക്കിയതിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഭരണഘടനാബെഞ്ചിലെ അംഗമായ ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ആധാർ ബില്ലിനെ മണി ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാപരമായി തട്ടിപ്പാണെന്നും അത് റദ്ദാക്കാവുന്നതാണെന്നും ചന്ദ്രചൂഡ് തന്റെ വിധിന്യായത്തിൽ പറഞ്ഞു. അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി പറഞ്ഞ കേസിൽ മൂന്ന് ജഡ്ജിമാരുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി ജസ്റ്റിസ് സിക്രി പുറപ്പെടുവിച്ച വിധിയോട് വിയോജിച്ചു കൊണ്ട് പ്രത്യേകം വിധിന്യായമാണ് ചന്ദ്രചൂഡ് എഴുതിയത്.


ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കുന്നതിന് ആധാർ ബില്ലിനെ മണി ബില്ലായി അവതരിപ്പിച്ചത് സർക്കാരിന്റെ കൗശലമാണ്. ഇത് ഭരണഘടനയിലെ 110ആം വകുപ്പിന്റെ ലംഘനമാണ്. മണി ബിൽ അവതരിപ്പിക്കുന്നതിന് ഈ വകുപ്പ് കർ‌ശനമായ ചില നിബന്ധനകൾ പറയുന്നുണ്ട്. ആധാർ ബിൽ ഇതിനും അപ്പുറത്താണ്. ആധാർ ബിൽ നിലവിലെ രൂപത്തിൽ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധമാണ്. ആധാർ നിയമമാക്കുന്നത് ആധാർ പദ്ധതിയെ ഒരു തരത്തിലും രക്ഷിക്കില്ല. മൊബൈൽ ഫോൺ ദൈനംദിന ജീവിതത്തിൽ ഒരു പ്രധാന ഭാഗമാണെന്നിരിക്കെ ആധാറിനെ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ആധാറിന്റെ ആധികാരികത ഉറപ്പുവരുത്താൻ കഴിയില്ലെന്ന് പറഞ്ഞ ചന്ദ്രചൂഡ്, ആധാർ മണി ബില്ല് ആയി തീരുമാനിക്കാനുള്ള സ്‌പീക്കറുടെ സ്വാതന്ത്ര്യം കോടതിക്ക് പുന:പരിശോധിക്കാമെന്നും പറഞ്ഞു. ഭരണഘടന അനുസരിച്ച് ഒരു ഭരണഘടനാ പദവിക്കും പൂർണമായ അധികാരമില്ല. അധികാരവും ആശയങ്ങളും നിയമഭേദഗതിക്ക് വിധേയമായിരിക്കണം. ആധാർ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിലൂടെ സാധാരണക്കാർക്ക് ആധാർ നമ്പർ അത്യാവശ്യമാണെന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് പാവപ്പെട്ടവർക്ക് രാജ്യത്ത് ജീവിക്കാൻ സാദ്ധ്യമല്ലാത്ത അവസ്ഥയാണുണ്ടാക്കുക. ആധാർ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നവയും മൂന്നാമതൊരാൾക്ക് ദുരുപയോഗം ചെയ്യാനും എളുപ്പമായിരിക്കും. പൗരന്മാരുടെ രാഷ്ട്രീയ നിലപാടുകൾ നിശ്ചയിക്കുന്നതിനും ഇത് ഇടയാക്കും.