മോഹൻലാൽ എന്ന വിസ്‌മയതാരത്തിന്റെ അഭിനയജീവിത്തിലെ ഒഴിച്ചു നിറുത്താനാകാത്ത 10 കഥാപാത്രങ്ങളെ തിരഞ്ഞാൽ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്‌ഠൻ മുൻനിരയിലുണ്ടാകും. മലയാള സിനിമയിലെ എക്കാലത്തെയും മെഗാഹിറ്റ് ചിത്രമായ ദേവാസുരം ഇന്ന് വീണ്ടും ചെയ്യുകയാണെങ്കിൽ ലാലിന് പകരം ആര്? അടുത്തിടെ രഞ്ജിത്ത് നേരിട്ട ഒരു ചോദ്യമാണിത്.
സംശയമൊന്നുമില്ലാതെ രഞ്ജിത്ത് മറുപടിയും നൽകി. 'ലാലിനെ റീപ്ലേസ് ചെയ്യാൻ ആവില്ല. കാരണം എനിക്ക് ചിന്തിക്കാനേ പറ്റില്ല അങ്ങനെ ഒരു കാര്യം. അത് ഈ തലമുറയിലെ ആളുകളുടെ കഴിവ് കുറവൊന്നുമല്ല. നീലകണ്‌ഠൻ എന്ന് പറയുന്ന ആ മുഖം, അത് സിനിമയായിക്കഴിഞ്ഞ ശേഷം, മോഹൻലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പറ്റില്ല. ഈ ജനറേഷന്റെ സിനിമയുമല്ല അത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്'- രഞ്ജിത്ത് പറഞ്ഞു.
പുതിയ ചിത്രമായ ഡ്രാമയിൽ എന്നും നമ്മൾ ഇഷ്‌ടപ്പെടുന്ന, കുസൃതിക്കാരനായ മോഹൻലാലിനെയാകും കാണാൻ കഴിയുക എന്ന് രഞ്ജിത്ത് കൂട്ടിച്ചേർത്തു. ആശാ ശരത്, കനിഹ, നിരഞ്ജ് മണിയൻപിള്ള രാജു, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നവംബർ ഒന്നിന് ചിത്രം തിയേറ്രറുകളിലെത്തും.