ടൊവിനോ തോമസ് നായകനായി എത്തിയ 'തീവണ്ടി' പ്രേക്ഷക പ്രീതി നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. പുതുമയാർന്ന പ്രമേയത്തിനൊപ്പം ഇമ്പമാർന്ന ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. 'ജീവാംശമായി താനെ'...എന്ന ചിത്രത്തിലെ ഗാനം മലയാളിയുടെ ചുണ്ടിലെ ഈണമായി മാറിക്കഴിഞ്ഞു. എന്നാൽ ഗാനം കോപ്പിയടിയാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ കൈലാസ് മേനോൻ.
മാറ്റാരുടെയും അല്ല സ്വന്തം ഈണം തന്നെയാണ് കൈലാസ് ചിത്രത്തിന് സ്വീകരിച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പ് ലുലുവിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ സംഗീതം തന്നെയാണ് 'ജീവാംശമായി'എന്ന ഗാനമായി പുനർജനിച്ചത്.
'സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ...ഇത് ഞാൻ തന്നെയാണ്'-എന്ന കുറിപ്പോടെ കൈലാസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.