ന്യൂഡൽഹി: സർക്കാരിന്റെ ആധാർ പദ്ധതിക്ക് ഭരണഘടനാസാധുത നൽകിയ സുപ്രീം കോടതിയുടെ വിധിയെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി സ്വാഗതം ചെയ്തു. പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനുള്ള ആധാർ പദ്ധതിയിലൂടെ പ്രതിവർഷം സർക്കാരിന് 90,000 കോടിയുടെ ലാഭമുണ്ടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി ചരിത്രപരമാണ്. സർക്കാർ അതിനെ പൂർണമായി സ്വാഗതം ചെയ്യുന്നു. മുൻ യു.പി.എ സർക്കാരിന് ആധാർ എന്ന ആശയം മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെ നടപ്പാക്കുമെന്നോ അല്ലെങ്കിൽ മുന്നോട്ട് കൊണ്ടുപോകണമെന്നോ ധാരണയില്ലായിരുന്നു. എന്നാൽ എൻ.ഡി.എ സർക്കാർ ആധാർ പദ്ധതിക്ക് ഊടും പാവും നൽകി പ്രായോഗിക തലത്തിലെത്തിച്ചു. സർക്കാർ നൽകുന്ന സേവനങ്ങൾ ആസ്വദിക്കുന്നതിന് വേണ്ടി അവർക്ക് ഇതിലൂടെ പുതിയൊരു വ്യക്തിത്വം നൽകുകയാണ് എൻ.ഡി.എ ചെയ്തത് - ജയ്‌റ്റ്‌ലി ചൂണ്ടിക്കാട്ടി.
122 കോടി ജനങ്ങൾക്ക് ഇന്ത്യയിൽ ആധാർ കാർഡുണ്ട്. സർക്കാരിന്റെ പദ്ധതികളും ആനുകൂല്യങ്ങളും ശരിയായ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. ഇതിലൂടെ സർക്കാർ 90,000 കോടിയാണ് ലാഭിക്കുന്നത്. സാങ്കേതികവിദ്യയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ജയ്‌റ്റ്‌ലി, ഇനി അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.