ബ്രാഹ്മമുഹൂർത്തത്തിൽ ഏഴുന്നേറ്റ് സ്‌നാനം ചെയ്യുന്നത് ആരോഗ്യവർദ്ധനവിന് നല്ലതാണെന്നാണ് വൈദ്യശാസ്ത്രവും ധർമ്മശാസ്ത്രവും ഒരുപോലെ പറയുന്നത്. രാവിലെ 3 മണിമുതൽ 5 മണിവരെ ഋഷി സ്‌നാനമെന്നും, 5 മണിമുതൽ 6.30വരെ മനുഷ്യസ്‌നാനമെന്നും, 6.30 മുതലുള്ള കാലത്തെ രാക്ഷസ സ്‌നാനമെന്നും പറയുന്നു.
രാത്രി ഉറങ്ങുന്നതിനാൽ മനുഷ്യശരീരത്തിലെ നവദ്വാരങ്ങളും അപവിത്രമാകുന്നു. അതിനാൽ പ്രഭാതസ്‌നാനം ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രഭാതങ്ങളിൽ ജലാശയങ്ങളിലെ ഉറവയ്‌ക്ക് ഔഷധവീര്യം കൂടും. കുളിക്കുന്നതിനുള്ള കുളത്തിന്റെ കരയിൽ ആര്യവേപ്പും കാഞ്ഞിരവും കാണും. ഇല്ലെങ്കിൽ അതു നട്ട് വളർത്തുന്നത് നല്ലതാണ്. രണ്ടും തണുപ്പാണ്. രണ്ടു വൃക്ഷങ്ങളുടെയും വേരുകൾ വളർന്ന് പടർന്ന് കുളത്തിനടിയിൽ വ്യാപിക്കും. ഇത് വെള്ളത്തിന് തണുപ്പേകുന്നു. ക്ഷേത്രകുളത്തിനടുത്ത് തന്നെ വലിയ ആൽമരവും ഉണ്ടാകാറുണ്ട്. ശുദ്ധജലത്തെ ശേഖരിച്ചു നിർത്താനുള്ള കഴിവും അന്തരീക്ഷ വായുവിനെ ശുദ്ധികരിക്കാനുള്ള കഴിവും അരയാലിനുണ്ട്.
കുളത്തിൽ കുളിക്കുന്നതിന് മുമ്പ് ജലത്തിൽ ആദ്യം കാലെടുത്ത് വയ്‌ക്കരുത്. വലതുകൈകൊണ്ട് അൽപം ജലമെടുത്ത് ശിരസ്സിലും കണ്ണിലും തളിച്ചതിന് ശേഷമെ വെള്ളത്തിൽ ഇറങ്ങാവൂ. അങ്ങനെ ചെയ്‌താൽ ജലദേവതയുടെ അനുഗ്രഹം ഉണ്ടാകും എന്നാണ് വിശ്വാസം. ആയുർവേദ വിധി പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് എന്ന നിലയിൽ വേണം കുളി ആരംഭിക്കാൻ. അതിന് പിന്നിൽ മസ്‌തിഷ്‌കത്തിന്, തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനയ്‌ക്കുക എന്നതാണ് ഉദ്ദേശം. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകുമെന്ന് ആയുർവേദം പറയുന്നു. കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്. വെള്ളത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യാനോ കാർക്കിച്ച് തുപ്പാനോ മറ്റേതെങ്കിലും തരത്തിൽ അശുദ്ധമാക്കുവാനോ പാടില്ല.
ജലം സർവ്വദേവതാ സ്വരൂപമാണെന്ന് വേദങ്ങൾ പറയുന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങി കിഴക്കോട്ട് തിരിഞ്ഞ് നിന്ന് സപ്‌തനദികളെ സ്‌മരിച്ചു കൊണ്ട് കൈകുടന്നയിൽ ജലമെടുത്ത് വിധിയാംവണ്ണം പ്രാർത്ഥിക്കണം.
'ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്‌മിൻ സന്നിധിം കുരു'
എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് ജലത്തിൽ സ്‌നാനം ചെയ്യേണ്ടത്. ശരീരമാലിന്യങ്ങൾക്കൊപ്പം മനസും ശുദ്ധമാക്കാൻ ഇത് സഹായിക്കും. ആദ്ധ്യാത്മിക വികാസം എന്നതിലുപരി ജീവിത കർമ്മങ്ങളുടെ ലക്ഷ്യപ്രാപ്‌തിക്ക് പ്രഭാതസ്‌നാനം അത്യന്താപേക്ഷിതമാണ്.