school-boy

വാഷിംഗ്‌ടൺ: 17കാരനായ വിദ്യാർത്ഥിയെ പരീക്ഷയ്‌ക്ക് മാർക്ക് കുറയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച കണക്ക് ടീച്ചർക്കെതിരെ കേസെടുത്തു. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. അദ്ധ്യാപികയായ ഒലാജിറേ അറോയ്‌ക്കെതിരെ വിദ്യാർത്ഥിയും മാതാവുമാണ് പരാതി നൽകിയത്.


മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് പരസ്യമായാണ് അദ്ധ്യാപിക കുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയുടെ മാർക്കുകൾ അദ്ധ്യാപിക മനപ്പൂർവം കുറയ്‌ക്കുകയും ചെയ്‌തു. ഇക്കാര്യത്തിൽ പരാതിപ്പെട്ടിട്ടും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും കുട്ടിയുടെ മാതാവ് ചാൾസ്‌റ്റൺ കൗണ്ടി സർക്യൂട്ട് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതേ സ്‌കൂളിലെ മറ്റ് ജീവനക്കാർക്കെതിരെയും നിരവധി പീഡന പരാതികൾ ഉയരുന്നുണ്ട്. തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തലവും ജീവിതരീതിയും സ്‌കൂൾ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അഭിഭാഷകരും കുറ്റപ്പെടുത്തുന്നു. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് സ്‌കൂൾ വക്താവ് അറിയിച്ചു.

2017ൽ മാത്‌സ് ടീച്ചറായി എത്തിയത് മുതൽ കുട്ടിയോട് അദ്ധ്യാപിക മോശമായി പെരുമാറാൻ ആരംഭിച്ചുവെന്നാണ് പരാതി. ക്ലാസ് നടക്കുമ്പോൾ മറ്റ് കുട്ടികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ വച്ച് വരെ കുട്ടിയോട് അദ്ധ്യാപിക ലൈംഗിക കാര്യങ്ങൾ സംസാരിക്കാറുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇതിന് പിന്നാലെ തന്റെ കാറിലോ സ്‌കൂളിലോ വീട്ടിലോ വച്ച് ഒരിക്കലെങ്കിലും ലൈംഗികബന്ധം നടത്താമെന്ന് കുട്ടിയോട് അദ്ധ്യാപിക ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കുട്ടി വിസമ്മതം അറിയിച്ചതോടെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇക്കാര്യം അറിയാമായിരുന്ന മറ്റ് അദ്ധ്യാപകരും കുട്ടികളും ഇത് റിപ്പോർട്ട് ചെയ്‌തില്ല. പുറത്ത് പറഞ്ഞാൽ കുഴപ്പമാകുമെന്ന് ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാൽ സഹികെട്ട് ഒടുവിൽ അമ്മയോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സംഭവത്തിൽ കേസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.