ന്യൂഡൽഹി: കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാതെ രോഗികൾ മരിക്കുന്നതും മറ്റും ഉത്തരേന്ത്യയിൽ നിന്നുള്ള നിത്യസംഭവമാണ്. എന്നാൽ ഇത്തരത്തിൽ ആംബുലൻസ് ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട രണ്ട് ജീവനുകളെ സ്വന്തം കൈകളിലേന്തിയ പൊലീസുകാരൻ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ മതുര പ്രദേശത്തെ ഗർഭിണിയായ ഒരു സ്ത്രീയെ കൈകളിൽ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച സോനു രജൗരയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
സംഭവം ഇങ്ങനെ: ഭാവന പ്രസവ് എന്ന യുവതിക്ക് പ്രസവ വേദന തുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഇക്കാര്യം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ സ്‌റ്റേഷൻ ഓഫീസർ സോനു രജൗരും ആംബുലൻസിനായി വിളിച്ചെങ്കിലും ഉടൻ ലഭിക്കില്ലെന്നായിരുന്നു മറുപടി. തുടർന്ന് സമീപത്തുണ്ടായിരുന്ന റിക്ഷയിൽ താങ്ങിയെടുത്ത് ഇരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയപ്പോൾ അടുത്ത പ്രശ്‌നം, സ്ട്രച്ചറുകളില്ല. മറ്റ് മാർഗങ്ങളൊന്നും കാണാത്തതിനാൽ സോനു തന്നെ ഭാവനയെ കൈകളിലെടുത്ത് ആശുപത്രിക്കുള്ളിൽ എത്തിച്ചു. ഉടൻ തന്നെ ഡോക്‌ർമാർ ഭാവനയെ പ്രസവ വാർഡിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും സന്തോഷം നൽകിക്കൊണ്ട് അൽപ്പസമയത്തിനുള്ളിൽ ഭാവന ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു.
അതേസമയം, സമയോചിതമായി ഇടപെട്ട് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച പൊലീസുകാരൻ ഇപ്പോൾ നാട്ടുകാരുടെ ഹീറോയാണ്. പൊലീസുകാർക്ക് മുഴുവൻ സോനു അഭിമാനമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.