തിരുവനന്തപുരം: ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിനോട് വിശദീകരണം തേടാൻ നിയമസഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റി തീരുമാനം. ജോർജ് കൂടി അംഗമായ നിയമസഭാ സമിതി ബുധനാഴ്‌ച ജോർജിനെ മാറ്റിനിറുത്തിയാണ് വിഷയം ചർച്ച ചെയ്തതെന്നാണ് വിവരം.
സംസ്ഥാന വനിതാ കമ്മിഷൻ സ്പീക്കർക്ക് നൽകിയ പരാതിയാണ് ഇന്നലെ എ. പ്രദീപ് കുമാർ അദ്ധ്യക്ഷനായ നിയമസഭാസമിതി ചർച്ചയ്ക്കെടുത്തത്. ഒറ്റ വരി പരാതിയായതിനാൽ പരാതിയിൽ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയോടും സമിതി ആവശ്യപ്പെടും. പുറമേ പി.സി. ജോർജ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾ സംബന്ധിച്ച് വന്ന പത്രവാർത്തകളുടെ കട്ടിംഗുകളും ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകളും സമിതി സ്വമേധയാ പരിശോധിക്കും.
ഒക്ടോബർ നാലിന് വീണ്ടും സമിതി ചേരുന്നുണ്ട്. തുടർനടപടികൾ ആ യോഗത്തിലുണ്ടായേക്കും. മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം മൂവാറ്റുപുഴ എസ്.ഐക്കെതിരെ നൽകിയ പരാതിയും സമിതിയുടെ മുന്നിലുണ്ട്. എൽദോയോട് ഇന്നലെ വിശദീകരണത്തിന് എത്താൻ പറഞ്ഞെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതിനാൽ അടുത്ത യോഗത്തിലേക്ക് മാറ്റി. നേരത്തേ ഗൗരി അമ്മയ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പി.സി. ജോർജിനെ നിയമസഭ ശാസിച്ചിരുന്നു. എൻ. ശക്തൻ ആയിരുന്നു അന്ന് സ്പീക്കർ.