murder

ഹൈദരാബാദ്: പൊലീസുകാരെ കാഴ്‌ച്ചക്കാരാക്കി ഹൈദരാബാദ് നഗരമദ്ധ്യത്തിൽ അക്രമികൾ യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊന്നു. രാജേന്ദ്ര നഗർ സ്വദേശിയായ രമേഷ് ഗൗഡാണ് കൊല്ലപ്പെട്ടത്. രണ്ട് അക്രമികൾ യുവാവിനെ പിന്തുടർന്ന് ആക്രമിക്കുന്നതും യുവാവ് വെട്ടേറ്റ് വീഴുന്നതും അടങ്ങിയ ദാരുണദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെട്ടേറ്റു വീണയാൾ രക്തം വാർന്ന് അനക്കമില്ലാതാവുന്നതോടെ അക്രമികൾ ആഹ്ലാദം പ്രകടിപ്പിച്ച് ആയുധം ഉയർത്തിക്കാട്ടി പിൻവാങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. സമീപത്ത് മൂന്ന് പൊലീസുകാർ ഉണ്ടായിരുന്നുവെന്നും അക്രമികളെ തടയാൻ ഇവർ ഒന്നും ചെയ്‌തില്ലെന്നും ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.


അതേസമയം, കഴിഞ്ഞവർഷം നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അക്രമം നടന്നതെന്നാണ് പോലീസ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ മുകേഷ് ഗൗഡ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഇപ്പോൾ കൊല്ലപ്പെട്ട രമേഷ്. കോടതിയിൽ പോയി തിരിച്ചു വരുന്ന വഴി മുകേഷ് ഗൗഡിന്റെ പിതാവ് കൃഷ്‌ണ ഗൗഡും അമ്മാവൻ ലക്ഷ്‌മൺ ഗൗഡും ചേർന്നാണ് ഇയാളെ ആക്രമിച്ചത്. 21 സെക്കൻഡുകൾക്കുള്ളിൽ ഇരുവരും ചേർന്ന് രമേഷിന്റെ ശരീരത്തിൽ 13 തവണ വെട്ടിയെന്നാണ് വിവരം. കൃഷ്‌ണ രമേഷിനെ ആക്രമിക്കുമ്പോൾ തടയാൻ ശ്രമിച്ച നാട്ടുകാരെ അകറ്റുകയായിരുന്നു കൂടെയുണ്ടായിരുന്നയാളിന്റെ ജോലി. ഇരുവരെയും പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്നാണ് വിവരം.