-kerala-police
KERALA POLICE

 തിരുവനന്തപുരം: രാത്രി യാത്രയിൽ ഡ്രൈവർമാർ അൽപ്പം വിശ്രമിക്കുന്നത് കാരണം നിങ്ങളുടെ യാത്ര വൈകിയേക്കാം, പക്ഷേ നിങ്ങളുടെ ആയുസ് നീട്ടിക്കിട്ടും. രാത്രിയാത്ര ചെയ്യുന്നവർക്കും ഡ്രൈവർമാർക്കുമുള്ള പൊലീസിന്റെ ഉപദേശമാണിത്. ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കിയിട്ട് അൽപ്പനേരം കിടന്നുറങ്ങുക. കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന അപകടങ്ങളുമുണ്ടാകുന്നത് രാത്രിയിലാണ്. പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്. ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നയാളുടെ അത്രയും അപകടകാരിയായിരിക്കും.


ദൂരയാത്രകൾക്ക് മുൻപ് ഏഴോ എട്ടോ മണിക്കൂർ ഡ്രൈവർ ഉറങ്ങണം. മികച്ച ഡ്രൈവറാണെങ്കിലും ഉറക്കം നേരിടാനാവില്ല. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക. റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വിധം കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക. തുടർച്ചയായി കണ്ണുചിമ്മി തുറന്നുവയ്ക്കുന്ന എന്നീ സാഹചര്യങ്ങളിൽ ഡ്രൈവിംഗ് നിറുത്തണം. രാത്രി ഏറെ വൈകിയും പുലർച്ചെ 5.30 വരെയും വാഹനമോടിക്കാതിരിക്കുക. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിതവേഗതയിലും ആയിരിക്കും വരുന്നത്. രാത്രിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത് എന്നോർക്കുക പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉപദേശിക്കുന്നു.