തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തരണം ചെയ്‌ത് നടുക്കടലിൽ നിന്നും തന്നെ രക്ഷിച്ചവർക്ക് നന്ദിയറിയിച്ച് നാവികസേനാ കമാൻഡർ അഭിലാഷ് ടോമി രംഗത്തെത്തി. കടൽ അവിശ്വസനീയമാം വിധം അശാന്തമായിരുന്നു. പ്രകൃതിയുടെ കോപത്തിന് മുന്നിൽ പൊരുതിയാണ് താനും തന്റെ പായ്‌വഞ്ചിയും പിടിച്ചുനിന്നത്. തന്നെ ഉൾക്കടലിൽ നിന്നും രക്ഷിച്ചത് നാവികനെന്ന നിലയിലെ പരിചയവും സൈനിക പരിശീലനവുമാണ്. അവിടെ നിന്നും തന്നെ രക്ഷിച്ച ഇന്ത്യൻ നാവികസേനയ്‌ക്കും മറ്റുള്ളവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നാവികസേനാ വക്തവാണ് ആശുപത്രിയിൽ കഴിയുന്ന അഭിലാഷിന്റെ ചിത്രം സഹിതം പുറത്തെടുത്തത്.
അതേസമയം, ന്യൂ ആംസ്‌റ്റർഡാം ദ്വീപിലെ ആശുപത്രിയിൽ കഴിയുന്ന അഭിലാഷ് ടോമിയുടെ ആരോഗ്യാവസ്ഥ തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമല്ല. ചികിത്സയോട് അഭിലാഷ് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വിശദീകരിക്കുന്നു.
എന്നാൽ രണ്ട് ദിവസത്തിന് ശേഷമേ അഭിലാഷിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ആംസ്‌റ്റർഡാം ദ്വീപിൽ വിമാനം ഇറങ്ങാനാവാത്തതാണ് നിലവിലെ പ്രശ്‌നം. മൗറീഷ്യസിലേക്ക് അഭിലാഷിനെ മാറ്റുന്നതിനാണ് മുഖ്യപരിഗണന. ഇന്ത്യൻ നാവികസേനാ കപ്പലായ ഐ.എൻ.എസ് സത്പുര രണ്ട് ദിവസത്തിനുള്ളിൽ ദ്വീപിലെത്തും. കൂടുതൽ വൈദ്യസഹായം നൽകാൻ ശേഷിയുള്ള മറ്റൊരു ആസ്‌ട്രേലിയൻ കപ്പലും ഉടനെത്തുമെന്നും നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. അഭിലാഷിനെ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായതിന് ശേഷം അങ്ങോട്ട് തിരിക്കുമെന്ന് അഭിലാഷിന്റെ കുടുംബം അറിയിച്ചു.