പാരിസ്: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ഉയർന്ന വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും പ്രതിക്കൂട്ടിൽ ആക്കിയ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. റാഫേൽ ഇടപാടിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മോദിയാണ് ശരിയെന്നായിരുന്നു മാക്രോണിന്റെ മറുപടി. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ശക്തമായ ബന്ധം ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്ത, റാഫേൽ യുദ്ധവിമാന കരാറിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാർ പറഞ്ഞിട്ടാണെന്ന് മുൻ പ്രസിഡന്റ് ഫ്രാൻഷ്വ ഒലാന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്താകമാനം പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാറിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ നേരത്തെ തന്നെ ഒലാന്തിന്റെ പ്രസ്‌താവനയെ തള്ളി ഫ്രഞ്ച് സർക്കാർ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്ക് ഗുണനിലവാരമുള്ള വിമാനങ്ങൾ നൽകുകയെന്നത് മാത്രമാണ് ഫ്രാൻസിന്റെ ഉത്തരവാദിത്തമെന്നും കരാറിൽ കമ്പനികളെ പങ്കാളികളാക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്നും ഫ്രാൻസ് വിശദീകരിച്ചു.
എന്നാൽ ഒലാന്തിന്റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും മാക്രോൺ ഒഴിഞ്ഞുമാറി. എന്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് അന്വേഷിക്കട്ടെയെന്നായിരുന്നു മക്രോണിന്റെ മറുപടി. 2016ൽ ഒലാന്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് റാഫേൽ ഇടപാട് നടത്തുന്നത്. 2017ൽ ആണ് മാക്രോൺ അധികാരത്തിൽ എത്തുന്നത്.