കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ നിന്നും വിട്ടുനിൽക്കാനുള്ള കേരളത്തിന്റെ തീരുമാനം അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സാധാരണക്കാരായ ആളുകൾക്ക് വർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി കേവലം രാഷ്ട്രീയ കുതന്ത്രം കൊണ്ട് മാത്രമാണ് കേരളം അവഗണിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ജനക്ഷേമമല്ല പകരം തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ മാത്രം നോക്കുകയാണ് ഇടത്പക്ഷ സർക്കാർ. ആയുഷ്മാൻ ഭാരത് ഒരു തട്ടിപ്പ് പദ്ധതിയാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് അന്ധമായ മോദിവിരോധം കാരണം ബുദ്ധിഭ്രമം സംഭവിച്ചെന്നും അവർ കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ കാണുന്നുണ്ട് എന്നുള്ള സത്യം ഓർക്കണം. ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും നിങ്ങളുടെ ധാർഷ്ട്യത്തിനുള്ള മറുപടി ജനങ്ങൾ തന്നെ തരുമെന്നും ശോഭാ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' എന്ന രാജ്യത്തെ അഭിമാനാർഹമായ പദ്ധതിയിൽ നിന്നും കേരളം വിട്ടു നിൽക്കുന്നത് അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച്ചയാണ്. രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ഈ ആരോഗ്യപദ്ധതിയിൽ വളരെ ചെറിയ തുകയ്ക്ക് ഒരു കുടുംബത്തിന് വർഷം 5 ലക്ഷത്തോളം രൂപ ഇൻഷുറൻസ് ആയി കിട്ടുമെന്നിരിക്കെ ഇത്തരം ഒരു പദ്ധതിയോട് മുഖം തിരിഞ്ഞു നിൽക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായത് കേവലം രാഷ്ട്രീയ കുതന്ത്രം കൊണ്ട് മാത്രം ആണ്. ജനക്ഷേമമല്ല മറിച്ചു തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ മാത്രം ആണ് വലുത് എന്നു പ്രഖ്യാപിക്കുകയാണ് ഇടത്പക്ഷസർക്കാർ ഇതിലൂടെ ചെയ്യുന്നത്. ഇതിനാരാണ് നിങ്ങൾക് അധികാരം തന്നത് ?
ഇതൊരു തട്ടിപ്പ് പദ്ധതി ആണെന്ന് പറയുന്ന ശ്രീമാൻ തോമസ് ഐസക്കിന് അന്ധമായ മോദിവിരോധം കാരണം ബുദ്ധിഭ്രമം തന്നെ സംഭവിച്ചിരിക്കുകയാണോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിനൊക്കെ പകരം എന്ത് പദ്ധതിയാണ് ജനങ്ങൾക്കായി നിങ്ങൾക്ക് നൽകാൻ ആവുന്നത് ? അതല്ല എല്ലാവരും മുഖ്യമന്ത്രിയെ പോലെ മായോ ക്ലിനിക്കിലേക്ക് അമേരിക്കക്ക് പോവാൻ കഴിവുള്ളവർ ആണെന്നാണോ തമ്പ്രാൻ കരുതുന്നത് ? 50 കോടി ജനങ്ങളിലേക്കെങ്കിലും നേരിട്ടെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ആരോഗ്യപദ്ധതിയിൽ നിന്നും അകന്നു നിൽക്കുന്നത് വഴി ചെയ്യാവുന്നതിൽ വെച്ചേറ്റവും വലിയ ക്രൂരതയാണ് സിപിഎംന്റെ നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് സർക്കാർ ജനങ്ങളോട് കാട്ടുന്നത്. നിങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ കാണുന്നുണ്ട് എന്നുള്ള സത്യം ഓർത്താൽ നന്ന്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളവും അംഗം ആകണം. എത്രയും വേഗം ജനപക്ഷത്ത് നിന്നു കൊണ്ട് ഇതിനാവശ്യമായ ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം തന്നെ നേരിടേണ്ടി വരും. നിങ്ങളുടെ ധാർഷ്ട്യത്തിനുള്ള മറുപടി ജനങ്ങൾ തന്നെ തരും.