saradakkutty

ബിഷപ്പിനെതിരെ മാനഭംഗത്തിന് കേസ് നൽകിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന പി.സി. ജോർജിനെ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ബഹിഷ്‌കരിച്ചുകൂടെ എന്ന ആവശ്യവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ അഭിപ്രായം പങ്കുവച്ചത്. ചാനൽ മൈക്കും, കാമറയും കാണുമ്പോഴുള്ള പി.സി.ജോർജിൻെറ പെരുമാറ്റം മോട്ടോർ കണ്ട കളക്കൂറ്റന്റെ പരാക്രമമാണ് തനിക്ക് ഓർമവരുന്നത്. പി സി ജോർജ് മര്യാദ പഠിക്കുന്നതു വരെ അയാൾക്ക് മാധ്യമ ഭ്രഷ്ട് കൽപ്പിക്കുന്നു എന്നൊരു തീരുമാനമാണ് ഇവിടെ ആവശ്യമെന്നും ശാരദക്കുട്ടി പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു നൽകിയ കന്യാസ്ത്രീയാണ് ബലാൽസംഗത്തിനെതിരെ പരാതി നൽകിയിരിക്കുന്ന'തെന്ന് മറ്റേടത്തെ MLA പരിഹസിക്കുന്നു. വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകൾക്കെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണ്. പോയിന്റ് നോട്ട് ചെയ്യു. തിരുവായ് മൊഴികൾ തിങ്കളാഴ്ച വീണ്ടുമുണ്ടാകുമെന്നൊരു ഭീഷണിയുമുണ്ട് പത്രക്കാരോട്.

സ്ത്രീസമൂഹത്തിന്റെ മാന്യതക്കും അന്തസ്സിനും വേണ്ടി നിരന്തരം സമരത്തിലേർപ്പെട്ടിരിക്കുന്ന, വിജയത്തിലെത്താൻ അവർക്കൊപ്പം എല്ലായ്പോഴും നിലകൊള്ളുന്ന ദൃശ്യ-ശ്രാവൃ- പ്രിന്റ് മീഡിയകളോട് എല്ലാ നന്ദിയോടെയും ബഹുമാനത്തോടെയും ചോദിക്കട്ടെ, കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിത്തേക്കുന്ന ഇയാളെ ബഹിഷ്കരിച്ചു കൂടെ? ഇനി മേലിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഞങ്ങളുടെ ചാനൽ /പത്രം പ്രസിദ്ധീകരിക്കുകയില്ല എന്നൊരു പ്രതിജ്ഞ എടുത്തു കൂടെ? പി സി ജോർജ് മര്യാദ പഠിക്കുന്നതു വരെ അയാൾക്ക് മാധ്യമ ഭ്രഷ്ട് കൽപ്പിക്കുന്നു എന്നൊരു തീരുമാനമെടുത്തു കൂടെ? മൈക്കും ക്യാമറയും കാണുമ്പോൾ ഇയാളുടെ ശരീരഭാഷ കണ്ടാൽ, മോട്ടോർ കണ്ട കളക്കൂറ്റന്റെ പരാക്രമം എന്ന ചങ്ങമ്പുഴയുടെ ഉപമയാണോർമ്മ വരിക.

കന്യാസ്ത്രീകൾക്കൊപ്പം വിജയം വരെ നിലകൊണ്ട മാധ്യമങ്ങളുടെ ആത്മാർഥതയിൽ വിശ്വസിക്കുന്ന കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള അഭ്യർഥനയായി ഇത് കണക്കാക്കണം.