-kerala-flood

ന്യൂഡൽഹി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിന് നെതർലൻഡ്സിന്റെ സഹായം സ്വീകരിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. നെതർലൻഡ്സിലെ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച ശേഷമാണ് മന്ത്രാലയം അനുമതി നൽകിയത്. ഇതോടെ നെതർലൻഡ്സിൽ നിന്നുള്ള സംഘത്തിന് കേരളം സന്ദർശിക്കാനുള്ള തടസം നീങ്ങി.  

കേരളം പുനർനിർമിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് നെതർലൻഡ്സ് നേരത്തെ കേന്ദ്രത്തിന് സഹായം നൽകിയിരുന്നു.  അതേസമയം,​ ഇത് സാമ്പത്തിക സഹായമല്ല.

നെതർലൻഡ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം നൽകാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ പരിശോധിക്കാൻ വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തിലുള്ളത്. വെള്ളപ്പൊക്ക കാലത്ത് നെതർലൻഡ്സിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിനായിരിക്കും പ്രധാന ഊന്നൽ.

പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാർ  14 രാജ്യങ്ങളിലേക്ക് ഒക്ടോബറിൽ സന്ദർശനം നടത്തുന്നുണ്ട്. യു.എ.ഇ, ഒമാൻ, ബഹറിൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, യു.കെ, ജർമ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം. ഒരു മന്ത്രിയും ഉദ്യോഗസ്ഥരുമാവും ഓരോ സംഘത്തിലുമുണ്ടാവുക.