തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ സാലറി ചലഞ്ചിൽ പങ്കെടുക്കാതിരുന്ന പൊലീസുകാരെ പ്രതികാര നടപടിയുടെ ഭാഗമായി മലപ്പുറം എം.എസ്.പി ക്യാമ്പിലേക്ക് മാറ്റിയതായി ആക്ഷേപം. ഒമ്പത് ഹവിൽദാർമാരുൾപ്പെടെ സാലറി ചലഞ്ചിന് വിസമ്മതിച്ച 14 പേരെയാണ് മലപ്പുറത്തെ ദ്രുതകർമ്മ സേനയിലേക്ക് മാറ്റിയത്. എസ്.എ.പി ക്യാമ്പിൽനിന്ന് മുന്നൂറോളം പേർ വിസമ്മതപത്രം നൽകിയതിന്റെ പ്രതികാരമാണിതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു. എന്നാൽ ഏറ്റവും ജൂനിയറായവരെ എല്ലാവർഷവും സ്ഥലം മാറ്റുക പതിവാണെന്നാണ് ഔദ്യോഗിക വിശദീകരണം.
പേരൂർക്കട എസ്.എ.പി ക്യാമ്പിൽ 40 പേരെയാണ് ഇന്നലെ മലപ്പുറത്തേക്ക് മാറ്റിയത്. ഇതിലുൾപ്പെട്ട ഒമ്പത് ഹവിൽദാർമാർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ നിർദേശം അംഗീകരിക്കാതിരുന്നവരാണ്. കൂടാതെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ അഞ്ച് സിവിൽ പൊലീസ് ഓഫീസർമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. എസ്.എ.പി ക്യാമ്പിൽനിന്ന് സാലറി ചലഞ്ചിനോട് സർക്കാർ അനുകൂലപ്രതികരണമല്ല ഉണ്ടായത്. ഇവിടത്തെ എഴുന്നൂറ് പൊലീസുകാരിൽ മുന്നൂറോളം പേരും ശമ്പളം നൽകാൻ വിസമ്മതിച്ചു. ഇതിനാൽ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്നാണ് യുഡിഎഫ് അനുകൂല സംഘടനകൾ ആരോപിക്കുന്നത്. വിസമ്മതപത്രം നൽകിയതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്ഥലം മാറ്റിയത് ഇതിന്റെ തെളിവാണെന്നും ആരോപണമുണ്ട്. എന്നാൽ ക്യാമ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ ആരോപണം നിഷേധിച്ചു. എം.എസ്.പി ക്യാമ്പിലേക്ക് ജീവനക്കാരെ മാറ്റേണ്ട സമയമായിരുന്നു. ഇതിനായി നടത്തിയ പതിവു സ്ഥലംമാറ്റമാണ്. ഏറ്റവും ജൂനിയറായവരെയാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്. അതിൽ ഒരു മാസത്തെ ശമ്പളം നൽകാൻ തയാറായവരുമുണ്ട്. എന്നാൽ സ്ഥലം മാറ്റിയ ഒൻപതു ഹവിൽദാർമാരേക്കാൾ ജൂനിയറായവർ ഇപ്പോഴും പേരൂർക്കട ക്യാമ്പിലുണ്ടെന്നും ആരോപണമുണ്ട്.