veerappan

 

 

 

 

ചെന്നെെ: കന്നട  സൂപ്പർ സ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ  വീരപ്പൻ സംഘാംഗങ്ങളായ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് തമിഴ്നാട് സർക്കാർ. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണൽ ജില്ല മജിസ്ട്രേറ്റിന്റെ വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലെ സി.ബി.സി.എെ.ഡി ഉദ്യോഗസ്ഥരും കേസിൽ ഗൂഢാലോചന നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം.

പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് കോടതി എല്ലാവരെയും വെറുതെ വിട്ടത്. 2000ലാണ് വീരപ്പനും സംഘവും തമിഴ്നാട് ഈറോഡിലുള്ള താലാവടിയിലുള്ള ഫാം ഹൗസിൽ നിന്നും രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയി 100 ദിവസത്തിലധികം തടവിൽ പാർപ്പിച്ചത്.  

2004ൽ വീരപ്പനെയും രണ്ട് അനുയായികളെയും തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം വെടിവച്ച് കൊന്നു. 2006ൽ രാജ്കുമാറും മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് പതിനെട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്.