ചെഞ്ചോപ്പണിഞ്ഞ ആകാശം - കലുഷിതവും അതിമനോഹരവുമായ കാഴ്ചയാണത്. ചോരകൊണ്ട് ചോപ്പിച്ചതെങ്കിലും ആ വാനത്തിന്റെ സൗന്ദര്യം നിറഞ്ഞു തൂകുന്നുണ്ട് 'ചെക്ക ചിവന്ത വാന"ത്തിൽ. കടലിനും കാട്ര് വെളിയിടെയ്ക്കും നൽകാൻ കഴിയാതെ പോയെ മണിരത്നം മാജിക്ക് ഒരിക്കൽ കൂടി തിരിച്ചുവന്നിരിക്കുന്നു. പേരുപോലെ ചെഞ്ചോപ്പിന്റെ കാലുഷ്യവും അതിമനോഹാരിതയും ഒരുമിച്ച് സ്ക്രീനിൽ വരഞ്ഞ ചെക്ക ചിവന്തവാനം ഒരു ദീർഘനിശ്വാസത്തോടെ, നിറവോടെ കണ്ടിറങ്ങാം. അധികാരവും പണവും മത്തുപിടിപ്പിക്കുന്ന മനുഷ്യന്റെ ചോരക്കളികളാണ് ഈ ചെഞ്ചോപ്പണിഞ്ഞ വാനത്തിലെ കാഴ്ചകളാകുന്നത്.
ക്രിമിനൽ സേനാപതി
ചെന്നൈ നഗരത്തിലെ ഗാങ്സ്റ്റർ സേനാപതി (പ്രകാശ് രാജ്)യിലൂടെയാണ് ചെക്ക ചിവന്തവാനത്തിന്റെ വാതിൽ തുറക്കുക. വിജയ് സേതുപതിയുടെ വിവരണത്തിലൂടെ സേനാപതിയുടെ ഗാങ്സ്റ്റർ ലോകത്തിലേക്ക് കടന്നു ചെല്ലാം. സേനാപതിയും ഭാര്യ (ജയസുധ)യും വിവാഹവാർഷിക ദിനത്തിൽ അമ്പലത്തിൽ പോയി മടങ്ങവെ അവർക്കുനേരെ വധശ്രമം നടക്കുന്നു. പിന്നാലെ മൂത്തമകൻ വരദരാജൻ (അരവിന്ദ് സ്വാമി) രംഗത്തെത്തും. പ്രേക്ഷകർക്ക് വർഷങ്ങൾക്കിപ്പുറവും പ്രതീക്ഷയോടെ കൈയടിക്കാൻ വകനൽകിയെത്തുന്ന വരദന് പിന്നാലെ മറ്റ് മക്കളായ ത്യാഗരാജും (അരുൺ വിജയ്) എത്തിരാജും (ചിമ്പു) നാട്ടിലെത്തുന്നു. അച്ഛനെ കൊല്ലാൻ ശ്രമിച്ചത് ആരെന്ന അന്വേഷണം സേനാപതിയുടെ സ്ഥിരം ശത്രുവായ ചിന്നപ്പദാസിൽ (ത്യാഗരാജൻ) എത്തിച്ചേരുന്നു. എന്നാൽ ആദ്യപകുതിക്ക് മുമ്പായി ചിന്നപ്പദാസ് പ്രതിസ്ഥാനത്ത് നിന്ന് നീങ്ങുന്നതോടെയാണ് ചെക്ക ചിവന്ത വാനത്തിലെ കളികൾ ആരംഭിക്കുന്നത്. വരദന്റെ കളിക്കൂട്ടുകാരനും സേനാപതി കുടുംബത്തിന്റെ അടുപ്പക്കാരനുമായ റസൂൽ ഇബ്രാഹിമും (വിജയ് സേതുപതി) ഇവർക്കൊപ്പം ചേരുന്നു. ട്രെയിലർ നൽകുന്ന ഏകദേശ രൂപം തന്നെയാണ് ചിത്രത്തിന്റെ ആദ്യപകുതി പങ്കുവയ്ക്കുന്നതെങ്കിലും രണ്ടാം പകുതിയോടെ വരദനും ത്യാഗിയും എത്തിയും റസൂലും നിറഞ്ഞു നിൽക്കുന്ന രംഗത്ത് കാര്യങ്ങളെല്ലാം മാറിമറിയും. മത്സരിച്ച് അഭിനയിക്കുന്ന മൂന്നു സഹോദരങ്ങൾക്കൊപ്പം കൂട്ട് നിൽക്കുന്ന റസൂൽ കൈയടക്കുന്ന ക്ലൈമാക്സ് രംഗത്തോടുകൂടി വാനം ചുവക്കും. ഒടുവിൽ ചെഞ്ചോപ്പണിഞ്ഞ് തിരശീല വീഴുമ്പോൾ വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു മണിരത്നം മാജിക് ഇന്ത്യൻ സിനിമയെ തഴുകും.
പാപം ഒരു ചെയിൻ റിയാക്‌ഷൻ
അറേബ്യയിലെ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോലും തൂത്തെറിയാൻ പറ്റുന്നതല്ല തന്റെ കൈയിൽ പുരണ്ട പാപക്കറ എന്ന മാക്ബത്തിന്റെ വിലാപമാണ് ചെക്കച്ചിവന്തവാനത്തിന്റെയും ധ്വനി. ഒരു പാപം ചെയ്യേണ്ടിവരുമ്പോൾ മനുഷ്യബന്ധങ്ങളെയാകെ കീഴ്മേൽ മറിക്കുന്ന പാപങ്ങളുടെ ചെയിൻ റിയാക്‌ഷനുകൾ പിന്തുടരുമെന്ന ഷേക്സ്പിയർ ഫിലോസഫി തന്നെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. അത് വളരെ കൃത്യമായി കാട്ടിത്തരുന്നതിൽ മണിരത്നവും പാളിച്ചകളേതുമില്ലാത്ത കഥാപാത്ര സൃഷ്ടിയും ഒരുമിച്ചു നിന്നു. നായകനോ വില്ലനോ എന്ന് വേർ തിരിച്ചറിയാനാകാത്ത വരദൻ, എത്തി, ത്യാഗി കഥാപാത്ര സൃഷ്ടി പ്രേക്ഷകർക്ക് ഒരു എത്തുംപിടിയും നൽകില്ല. വരദരാജന്റെ ആത്മസംഘർഷങ്ങൾ മികച്ചതാക്കാൻ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞു. വരദന്റെ ഭാര്യ ചിത്രയായി ജ്യോതിക മികച്ച പ്രകടം തന്നെ കാഴ്ച വച്ചെങ്കിലും രണ്ടാം നായികയായെത്തിയ അദിതി റാവുവിന് പെർഫോം ചെയ്യാൻ കൂടുതൽ വകകളൊന്നും ചിത്രത്തിലില്ല.
ഈണത്തിന്റെ കടിഞ്ഞാൺ
ചെക്ക ചിവന്ത വാനത്തിന്റെ പാച്ചിലിന്റെ ഗതിയെ മുന്നോട്ടു നയിക്കുന്ന കടിഞ്ഞാൺ പതിവുപോലെ എ.ആർ.റഹ്മാന്റെ കൈകളിൽ ഭദ്രമാണ്. ആദ്യപകുതിയുടെ അവസാനത്തോടെ പതിഞ്ഞതാളത്തിലാകുന്ന ചിത്രത്തിന്റെ കുതിപ്പിനെ കരുത്തുറ്റതാക്കുന്നത് വൈകാരിക, സംഘട്ടന രംഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന റഹ്മാൻ ഈണങ്ങളാണ്. ക്ലൈമാക്സുവരെ ചിത്രത്തെ തളരാതെ കൈപിടിക്കുന്നതിലും സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. മുഴുനീള ഗാനങ്ങളില്ലെങ്കിലും പതിവുപോലെ ആദ്യന്തം സംഗീതത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാം.
ഈണത്തിനൊപ്പം സന്തോഷ്ശിവൻ
മണിരത്നത്തിന്റെ സംവിധാനത്തിൽ റഹ്മാന്റെ ഈണത്തിനൊപ്പം സന്തോഷ് ശിവന്റെ കാഴ്ചകൾ ചേരുന്നതിനോളം മനോഹരമായ ഒരു ത്രയം സാദ്ധ്യമാവുക സ്വപ്നങ്ങളിൽ മാത്രമാകും. മണിരത്നത്തിന്റെ കാഴ്ചകളൊപ്പാൻ ദളപതി മുതൽ കൈകോർത്ത സന്തോഷ് ശിവൻ മാജിക് റോജ, ഇരുവർ, ദിൽ സേ, രാവൺ വരെ ആവർത്തിച്ചു. ഒപ്പം എ.ആർ.റഹ്മാന്റെ ഈണങ്ങളും ഇണചേർന്നപ്പോൾ പ്രേക്ഷകർ അനുഭവിച്ച നിറവ് ഒരിക്കൽ കൂടി പകരുകയാണ് ചെക്ക ചിവന്ത വാനം. കാഴ്ചകളുടെ വന്യതകൊണ്ട് ഓരോ ഫ്രെയിമും നിറക്കുന്ന സന്തോഷ് ശിവൻ മാജിക്ക് അനുഭവിച്ച് തന്നെ അറിയുക. കണ്ണെത്താ ദൂരത്തെ ചെമ്മൺ പാതയിലെ ക്ലൈമാക്സ് രംഗങ്ങൾ അത്യുഗ്രൻ ചെഞ്ചോപ്പൻ കാഴ്ച നൽകുന്നു.
മലയാളത്തിന്റെ സാന്നിദ്ധ്യമറിയിച്ച് സ്ക്രീനിലെത്തിയ അപ്പാനി ശരതത്തിന്റെ വില്ലൻ വേഷവും കൈയടി നേടുന്നു.
പാക്കപ്പ് പീസ്: ഭൂമി സുത്തം സത്തം... മനിതൻ യുത്ത സത്തം...