-abhilash-tomy

 

തിരുവനന്തപുരം: തോൽക്കാൻ മനസില്ലാത്ത മലയാളിയുടെ കരുത്താണ് അഭിലാഷ് ടോമിയുടെ നിറഞ്ഞ പുഞ്ചിരി നമുക്ക് പകർന്ന് നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രകൃതിയുടെ ശക്തിയോടു പൊരുതിയാണ് അഭിലാഷും അദ്ദേഹത്തിന്റെ ബോട്ട് തുരീയയും അതീവ പ്രതികൂല കാലാവസ്ഥയിൽ പിടിച്ചു നിന്നത്. ആംസ്റ്റർഡാമിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമല്ലെന്ന നേവിയുടെ അറിയിപ്പ് ഏറെ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നടുക്കടലിൽ കുടുങ്ങിയ കമാൻഡർ അഭിലാഷ് ടോമിയെ സുരക്ഷിതമായി കഴിഞ്ഞ ദിവസം ന്യൂ ആംസ്‌റ്റർ ഡാം ദ്വീപിലെത്തിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് 3704 കിലോമീറ്റർ അകലെ അഭിലാഷ് സഞ്ചരിച്ചിരുന്ന 'തുരിയ' എന്ന പായ്‌ക്കപ്പൽ അപകടത്തിൽപ്പെട്ടത്. 12 അടി ഉയരത്തിൽ വീശിയടിച്ച തിരമാലയിലും കൊടുങ്കാറ്റിലും പായ്ക്കപ്പലിന്റെ പായ്‌മരം ഒടിയുകയായിരുന്നു. ഒറ്റയ്‌ക്ക് ലോകം ചുറ്റാനുള്ള ഗോൾഡൻ ഗ്‌ളോബ് പായ്‌വഞ്ചി മത്സരത്തിൽ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. ഫ്രഞ്ച് അധീനതയിലുള്ള ചെറു ദ്വീപാണ് ന്യൂ ആംസ്‌റ്റർ ഡാം.