തിരുവനന്തപുരം: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ. പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. ആർ.എസ്.ബി.വൈ.യിൽ ഉൾപ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉൾപ്പെടെ 41 ലക്ഷം കുടുംബങ്ങൾക്കാണ് കേരളത്തിൽ ഇപ്പോൾ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നത്. ഈ പദ്ധതികൾക്ക് 2019 മാർച്ച് 31 വരെ കേന്ദ്രം അനുമതി നൽകിയിട്ടുള്ളതും അതിനുള്ള പ്രീമിയം അടച്ചതുമാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാൻ ഭാരതിൽ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആയുഷ്മാൻ പദ്ധതിയിലൂടെ കേരളത്തിൽ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെൻസസ് മാനദണ്ഡമാക്കിയാൽ പരമാവധി ഉൾപ്പെടുന്നത്. ബാക്കിയുള്ള ലക്ഷക്കണക്കിന് ആൾക്കാർ പദ്ധതിയിൽ നിന്നും പുറത്താകുന്ന സ്ഥിതിയാണുള്ളത്.
മറ്റുള്ള സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളത്തിലെ വളരെ പാവപ്പെട്ടവരെ നിശ്ചയിച്ചാല്‍ നിലവിലെ ആനുകൂല്യം ലഭിക്കുന്നവരിൽ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകും. മുമ്പ് കേന്ദ്ര സർക്കാർ റേഷൻ വിഹിതത്തിനായി എ.പി.എൽ, ബി.പി.എൽ തരംതിരിച്ചതുപോലെയാകും. അതിനാല്‍ ഇക്കാര്യത്തിൽ ആശങ്ക ദൂരീകരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം കാത്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചർച്ചകൾ തുടരുകയാണ്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയിൽ മൊത്തത്തിൽ 40 ശതമാനത്തിന് താഴെയുള്ള ആളുകൾക്ക് മാത്രമാണ് ആയുഷ്മാൻ ഭാരതിൽ പ്രയോജനം ലഭിക്കുക. ജീവിത നിലവാരം ഉയർന്ന സംസ്ഥാനമായ കേരളത്തിലേക്ക് വരുമ്പോൾ അത് വെറും 25 ശതമാനത്തിൽ താഴെയുള്ളവർക്കേ ലഭ്യമാകൂ. അങ്ങനെ വരുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്നാണ് പ്രാഥമിക വിലയിരുത്തലിൽ നിന്നും മനസിലായത്. കേരളത്തെ സംബന്ധിച്ച് ഇത് ഉൾക്കൊള്ളാനാവില്ല. ആരോഗ്യ രംഗത്ത് മുമ്പിലുള്ള കേരളം, ഒഡീഷ, തെലുങ്കാന, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ചേരാത്തതെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം മികച്ച രീതിയിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി വരുന്നുമുണ്ട്.
ആര്‍.എസ്.ബി.വൈ., ചിസ്, ചിസ് പ്ലസ് പദ്ധതികളിൽ 1785 രോഗ ചികിത്സാ പാക്കേജുകളാണ് ഉൾപ്പെടുത്തിയിട്ടുണ്ടള്ളത്. അതേ സമയം ആയുഷ്മാൻ പദ്ധതിയിൽ 1350 രോഗ ചികിത്സാ പാക്കേജുകൾ മാത്രമാണുള്ളത്. ഇതുകൂടാതെ 30,000ൽ നിന്ന് 5 ലക്ഷത്തിലേക്ക് ഇൻഷുറൻസ് തുക ഉയർത്തുമ്പോൾ സംസ്ഥാനത്തിന് അധികഭാരം ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. പ്രളയക്കെടുതിയില്‍ൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഈ പദ്ധതി കടുത്ത സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായുള്ള ചർച്ചയിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ അപാകതകൾ പരിഹരിച്ച ശേഷം പദ്ധതിയിൽ ചേരുന്നതിനാണ് കേരളം ആലോചിക്കുന്നത്.
ആയുഷ്മാൻ ഭാരത് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ചുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ കീഴിലുള്ള എല്ലാ ചികിത്സാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് 5 ലക്ഷം ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി സംസ്ഥാനം തയ്യാറാക്കി വരികയാണ്. കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായി തന്നെ വിവിധ വകുപ്പുകളുടെ കീഴിലായി കാരുണ്യ, ചിസ് പ്ലസ് തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളും നിലവിലുണ്ട്.
ആര്‍.എസ്.ബി.വൈ. വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങൾ കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 56 വിവിധ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ് ചിസ്. ആര്‍.എസ്.ബി.വൈ.യുടെ 40 ശതമാനം പ്രീമിയവു ചിസ് പദ്ധതിയുടെ 100 ശതമാനം പ്രീമിയവും സംസ്ഥാന സർക്കാരാണ് അടയ്ക്കുന്നത്. ഇതിന് പുറമേ സംസ്ഥാന സർക്കാരിന്റെ മാത്രം പദ്ധതിയായ ചിസ് പ്ലസ് പദ്ധതി പ്രകാരം 70,000 രൂപയുടെ അധിക ചികിത്സാ സഹായവും നൽകി വരുന്നു. ആർ.എസ്.ബി.വൈ., ചിസ് പദ്ധതി 2008 ഒക്‌ടോബർ 2 മുതൽ ഇതുവരേയും ഒരു ദിവസം പോലും മുടക്കമില്ലാതെ തുടർന്നു പോകുന്ന ഏക സംസ്ഥാനമാണ് കേരളം. 2018 മാർച്ച് 31 വരെ ഇന്ത്യയിൽ മൊത്തം 140 ലക്ഷം ആൾക്കാർക്ക് സൗജന്യ ചികിത്സ നൽകിയപ്പോൾ കേരളത്തിൽ 53.27 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയത്.
ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയ്ക്കായി കേന്ദ്ര സർക്കാർ സ്വാവലംബൻ ഇൻഷുറൻസ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടുലക്ഷം രൂപവരെ ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രത്തെ വിശ്വസിച്ച് മറ്റേതൊരു സംസ്ഥാനത്തിനും മുമ്പേ കേരളം ഈ പദ്ധതിയേറ്റെടുത്തു. ഒരു മാസം കൊണ്ട് ഒരു ലക്ഷം പേരെ പദ്ധതിയിൽ അംഗങ്ങളാക്കി ഭിന്നശേഷിക്കാരുടെ വിഹിതമായ 3.57 കോടി രൂപ സംസ്ഥാന സർക്കാർ അടച്ചു. എന്നാൽ കേന്ദ്രം വിഹിതം നൽകി പദ്ധതി നടപ്പാക്കാൻ തയ്യാറായില്ല. ഇതോടെ ഒരു ഭിന്നശേഷിക്കാരനും ഇൻഷുറൻസ് പരിരക്ഷ ലഭിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ പ്രയത്നം വെറുതേയുമായി. അതിനാൽ തന്നെ പുതിയ ഇൻഷുറൻസ് പദ്ധതിയിൽ കേന്ദ്രം വ്യക്തത വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.