ആട് , ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു മലയാള സിനിമ കൂടി റീ റിലീസ് ചെയ്യുകയാണ്. ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ധനയാത്രയാണ് ഒരിക്കൽ കൂടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിച്ച സിനിമ 2016 മെയ് 12 നാണ് ആദ്യം റീലീസ് ചെയ്തത്. രണ്ട് വർഷത്തിന് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തുമ്പോൾ ചിത്രം സരിതാ നായരുടെ കഥയാണോ പറയുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ഗിരീഷ് കുന്നമ്മൽ രംഗത്തെത്തി.
''സരിത നായരുടെ കഥയല്ല സിനിമയിൽ അവതരിക്കുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം മുതൽ അത്തരത്തിലൊരു സംസാരം ശക്തമായിട്ടുണ്ടായി. നാട്ടിൽ നടക്കുന്ന നിരവധി പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് സമൂഹത്തിൽ നിന്നും സ്ത്രീകൾക്കുണ്ടാവുന്ന നിരവധി പ്രശ്‌നങ്ങൾ സിനിമയിലൂടെ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ സരിത നായർ വിഷയവും സാന്ദർഭികമായി ഈ സിനിമയിൽ പറഞ്ഞ് പോവുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഈ സിനിമ ആദ്യം റീലീസിംഗ് ചെയ്‌ത സമയത്ത് ഇത് സരിത നായർ വിഷയമാണെന്ന് തെറ്റിദ്ധരിച്ച് ചില രാഷ്ട്രീയ സംഘടനകൾ സിനിമയ്‌ക്ക് എതിരായി രംഗത്ത് വന്നതിനാൽ തിയേറ്ററുകളിൽ നിന്നും സിനിമ പെട്ടന്ന് മാറ്റപ്പെടുകയുണ്ടായി""- ഗിരീഷ് കുന്നുമ്മൽ കേരള കൗമുദിയോട് പറഞ്ഞു.