adultery

ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠമായി വിധിച്ചു. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497, ക്രിമിനൽ നടപടിക്രമത്തിലെ 198 (2) എന്നീ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയാണ് ചരിത്രവിധി.

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ല. വിവാഹേതര ബന്ധം കുറ്റകൃത്യമായി കണ്ടാൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. ഒരേ പ്രവൃത്തി ചെയ്തതിന് ഒരാളെ മാത്രം കുറ്റക്കാരനാക്കുന്നത് വിവേചനമാണ്. പുരുഷൻ സ്ത്രീയുടെ അധികാരിയല്ല. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളത് -158 വർഷം പഴക്കമുള്ള നിയമം നീക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. നാലു വിധിന്യായങ്ങളാണുണ്ടായത്.

അതേസമയം, വിവാഹേതര ബന്ധം വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണമായി തുടരും. വിവാഹേതര ബന്ധത്തിൽ മനംനൊന്ത് പങ്കാളി ആത്മഹത്യചെയ്താൽ പ്രേരണക്കുറ്റത്തിന് നടപടി നേരിടേണ്ടിയും വരും.

ഭാര്യയുമായി ബന്ധപ്പെട്ട പുരുഷനെതിരെ ക്രിമിനൽ കേസ് നൽകാൻ ഭർത്താവിന് പ്രത്യേക അധികാരം നൽകുന്നതാണ് 497-ാം വകുപ്പ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ അയാൾക്ക് അഞ്ചുവർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. എന്നാൽ വിവാഹേതര ബന്ധത്തിന് ഭർത്താവിനെതിരെയോ അയാളുമായി ബന്ധപ്പെട്ട സ്ത്രീക്കെതിരെയോ കേസുകൊടുക്കാൻ ഈ വകുപ്പ് പ്രകാരം ഭാര്യക്ക് അവകാശമില്ല. ആ സ്‌ത്രീയുടെ ഭർത്താവിന്റെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധമെങ്കിൽ അത് കുറ്റകരവുമല്ല. അതുപോലെ ഭർത്താവ് അവിവാഹിതയായ സ്‌ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുന്നതും കണക്കിലെടുക്കുന്നില്ല. ഇക്കാരണങ്ങളാൽ ഈ വകുപ്പ് പ്രകടമായും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. 497ആം  വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാൻ പ്രവാസി മലയാളിയായ ജോസഫ് ഷൈൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ചരിത്രവിധി. ജോസഫ് ഷൈന് വേണ്ടി അഡ്വ.കാളീശ്വരം രാജ് ഹാജരായി. വിവാഹത്തിന്റെ പരിശുദ്ധി നിലനിറുത്താനും പൊതുനന്മയ്ക്കും ഈ വകുപ്പ് നിലനിറുത്തണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്.