supreme-court

ന്യൂഡൽഹി: വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 158 വർഷം പഴക്കമുള്ള 497 ആം വകുപ്പ് സുപ്രീം കോടതി ഏകകണ്ഠമായി റദ്ദാക്കിയത് കർശന നിരീക്ഷണങ്ങളോടെ. സ്ത്രീ പുരുഷന്റെ ജംഗമ വസ്തുവല്ലെന്ന് പറഞ്ഞ കോടതി,​ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21ആം  ഭരണഘടനാ അനുച്ഛേദവുമായി 497ആം വകുപ്പ് പൊരുത്തപ്പെടുന്നില്ലെന്നും വ്യക്തമാക്കി.

''വ്യക്തിയുടെ അന്തസിനെയും തുല്യതയെയും ബാധിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണ്. സ്ത്രീയുടെ അന്തസിനുള്ള അവകാശം ലംഘിക്കുന്ന 497-ാം വകുപ്പ് ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നു. ഭാര്യയുടെ അധികാരിയല്ല ഭർത്താവ്. -ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖാൻവിൽക്കർ

വിവാഹേതര ബന്ധത്തിൽ പുരുഷനെ കുറ്റവാളിയായും സ്ത്രീയെ ഇരയായും കാണുന്ന യുക്തിരഹിതമായ പുരാതന നിയമമാണിത്. സ്ത്രീയെ പുരുഷന്റെ ജംഗമസ്വത്തായും കാണുന്ന പുരുഷാധിപത്യ നിയമം: ജസ്റ്റിസ് രോഹിന്റൺ നരിമാൻ

497-ാം വകുപ്പ് സ്ത്രീയുടെ അന്തസ് തകർക്കുന്നതാണ്.പുരുഷാധിപത്യത്തിന്റെ നിയമമാണിത്. തിരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കുന്നു. വിവാഹത്തിലും സ്‌ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ട്. ലൈംഗിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം. വിവാഹത്തിൽ ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്ക് അടിയറ വയ്‌ക്കുന്നില്ല: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

സ്ഥാപനവത്കരിക്കപ്പെട്ട വിവേചനം: ജസ്റ്റിസ് ഇന്ദുമൽഹോത്ര

അച്ഛന്റെ വിധി തിരുത്തി മകൻ
വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കിയതിലൂടെ അച്ഛന്റെ വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തിരുത്തിയത്. 1985ൽ സൗമിത്രി വിഷ്ണുവും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ ജസ്റ്റിസ് ഡി.വി.ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് ഈ വകുപ്പിന്റെ സാധുത സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസിലും വൈ.വി.ചന്ദ്രചൂഡിന്റെ വിധി മകൻ തിരുത്തിയിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്നായിരുന്നു ഡി.വൈ.ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് വിധിച്ചത്.