ന്യൂഡൽഹി: പള്ളി ഇസ്ലാം മതവിശ്വാസത്തിലെ അവിഭാജ്യഘടകമല്ലെന്ന 1994ലെ ഇസ്‌മായിൽ ഫാറൂഖി കേസിന്റെ വിധിയിലെ പരാമർശം പുനഃപരിശോധിക്കാൻ വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ പരാമർശത്തിന് അയോദ്ധ്യ തർക്കവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ പ്രസക്തിയില്ലെന്നും മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ ചൂണ്ടിക്കാട്ടി.
ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്‌ക്ക് കൂടി വേണ്ടി ജസ്റ്റിസ് അശോക് ഭൂഷണാണ് വിധി പറഞ്ഞത്. അതേസമയം, വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ബെഞ്ചിലെ ജസ്റ്റിസ് എസ്. അബ്ദുൾ നസീർ വിയോജിച്ചു. അയോദ്ധ്യയിലെ തർക്ക ഭൂമി മൂന്നായി വീതിച്ചു നൽകാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഹർജികളിൽ ഒക്ടോബർ 29 മുതൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം കേൾക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
1993ലെ അയോദ്ധ്യ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് തർക്കഭൂമിയും പരിസരവുമടക്കം കേന്ദ്ര സർക്കാർ ഏറ്റെടുത്തതിനെ ചോദ്യം ചെയ്താണ് ഡോ.ഇസ്‌മായിൽ ഫാറൂഖി സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുത്തത് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും ശരിവച്ചു. 1994ലെ ഈ വിധിയിലാണ് ഒരു പ്രാത്ഥനാസ്ഥലം എന്ന നിലയിൽ പള്ളി ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ലെന്നും വിശ്വാസികൾക്ക് തുറന്ന പ്രദേശമുൾപ്പെടെ എവിടെയും നിസ്‌കരിക്കാമെന്നുമുള്ള പരാമർശമുള്ളത്.
പള്ളിക്ക് ഇസ്ലാമിലുള്ള പദവിയെ ഈ പരാമർശം ബാധിച്ചതായി മുസ്ലിംസംഘടനകൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. അയോദ്ധ്യ തർക്കഭൂമി സംബന്ധിച്ച പ്രധാന കേസ് പരിഗണിക്കുന്നതിന് മുൻപ് പള്ളി ഇസ്ലാമിലെ അവിഭാജ്യഘടകമാണോയെന്ന ചോദ്യം പരിശോധിക്കണമെന്നായിരുന്നു ചില മുസ്‌ലിം സംഘടനകളുടെ ആവശ്യം. ഇത് ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുടെ പശ്ചാത്തലത്തിലുള്ള പരാമർശമാണെന്നും അയോദ്ധ്യ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഇതിന് പ്രസക്തിയില്ലെന്നും ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. ഭൂമി ഏറ്റെടുക്കാൻ ഗവൺമെന്റിന് അധികാരമുണ്ട്. ആരാധനാലയങ്ങൾക്ക് പ്രത്യേക പരിരക്ഷയില്ല. അതുകൊണ്ടുതന്നെ പരാമർശം പുനഃപരിശോധിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. തർക്കഭൂമി മൂന്നായി വീതിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹർജികളാണ് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിന് വിരമിക്കുന്നതിനാൽ പുതിയ മൂന്നംഗ ബെഞ്ചാകും അയോദ്ധ്യ കേസ് പരിഗണിക്കുക.