ടോക്കിയോ: ചാപിള്ളയെ അഞ്ച് വർഷത്തോളം ലോക്കറിൽ സൂക്ഷിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ ടോക്കിയോയിലാണ് ലോകത്തെ നടുക്കിയ സംഭവം. സംഭവത്തെ തുടർന്ന് എമിരി സുസാക്കി എന്ന 49കാരിയാണ് അറസ്റ്റിലായത്. ആദ്യമായി പ്രസവിച്ച കുട്ടി ചാപിള്ളയായതിനെ തുടർന്ന് പരിഭ്രാന്തിയിലായെന്നും കുട്ടിയെ എന്ത് ചെയ്യുമെന്ന് അറിയാത്തതിനെ തുടർന്ന് ലോക്കറിൽ സൂക്ഷിക്കുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകി.
ചാപിള്ളയെ സൂക്ഷിച്ച വിവരം യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. യുവതിക്ക് ജോലിയില്ലാത്തതിനാൽ ലോക്കറിന്റെ വാടക അടയ്ക്കാൻ സാധിച്ചിരുന്നില്ല. ദിവസവും 1.8 ഡോളർ വാടക നൽകിയാണ് അവർ ലോക്കർ സൂക്ഷിച്ചത്. ലോക്കർ കുടിശിക കൂടിയാൽ ലോക്കർ പരിശോധിക്കാൻ അധികൃതർക്ക് അവകാശമുണ്ട്. ഇത് ഭയന്നാണ് സുസാക്കി പൊലീസിൽ വിവരം ധരിപ്പിച്ചത്. കുഞ്ഞിന്റെ മരണകാരണത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.