ഭോപ്പാൽ: സർക്കാർ കോളേജിലെ അദ്ധ്യാപകനെ രാജ്യദ്രോഹിയെന്ന് വിളിച്ച് എ.ബി.വിപി വിദ്യാർത്ഥികളുടെ ആക്ഷേപം. മദ്ധ്യപ്രദേശിലെ മന്ദ്സൗർ സർക്കാർ കോളേജ് അദ്ധ്യാപകൻ ദിനേഷ് ഗുപ്തക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതോടെ വിദ്യാർത്ഥികളുടെ കാലുപിടിച്ച് അദ്ധ്യാപകൻ മാപ്പ് പറഞ്ഞു. അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ കാലുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ, കോളേജിലെ നാലാം സെമസ്റ്റർ പരീക്ഷക്കുള്ള വിജ്ഞാപനം വൈകുന്നുവെന്നാപോരിച്ച് എ.ബി.വി.പി വിദ്യാർത്ഥികൾ പ്രിൻസിപ്പാലിനെ ഘരാവോ ചെയ്യുകയ്യിരുന്നു. ഉയർന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. തുടർന്ന് ക്ലാസ് എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും വിദ്യാർത്ഥികളോട് പ്രൊഫസറായ ദിനേഷ് ഗുപ്ത ആവശ്യപ്പെട്ടു.
ഇതോടെ തങ്ങൾ വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും മുദ്രാവാക്യം വിളിക്കുന്നത് അദ്ധ്യാപകൻ തടഞ്ഞെന്നും അദ്ദേഹം ദേശവിരുദ്ധനാണെന്നും എ.ബി.വി.പി വിദ്യാർത്ഥികൾ ആരോപിച്ചു. പ്രൊഫസർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട എ.ബി.വി.പി പ്രവർത്തകർ അദ്ധ്യാപകനെതിരെ കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഓരോ വിദ്യാർത്ഥിയുടേയും പിറകെ നടന്ന് അദ്ധ്യാപകൻ കാലുപിടിക്കാനാരംഭിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിന് ശേഷം മൂന്ന് ദിവസത്തെ ലീവിന് അപേക്ഷിച്ചിരിക്കുകയാണ് അദ്ധ്യാപകൻ.
അതേസമയെ, എ.ബി.വി.പി വിദ്യാർത്ഥികളെ ന്യായീകരിച്ച് മന്ദ്‌സൗർ എം.എൽ.എ യഷ്‌പാൽ സിസോദിയ രംഗത്തെത്തി. സംഭവം വലിയ കാര്യമല്ലെന്നും കാലുപിടിക്കാനോ മാപ്പുപറയാനോ എ.ബി.വി.പി വിദ്യാർത്ഥികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ലെന്നുമാണ് എം.എൽ.എയുടെ വിശദീകരണം.