കൊച്ചി: റാഫേൽ വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. റാഫേലിൽ വിവാദങ്ങളുണ്ടാക്കി രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയെ മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുന്നത് നിർത്താൻ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് നേതാക്കൾ ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് റാഫേൽ അല്ല രാ-ഫെയിൽ (രാഹുൽ ഗാന്ധി ഫെയിൽ) ആണ്. റാഫേൽ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് യാഥാർത്ഥ്യം എന്താണെന്ന് അറിയാം. എന്നിട്ടും അദ്ദേഹം വിഷയത്തിൽ ജനങ്ങളെ തെറ്രിദ്ധരിപ്പിക്കുകയാണ്- രാജ്നാഥ് സിംഗ് പറഞ്ഞു.
മൂന്നാം ബദലെന്ന പതിവ് പല്ലവിക്ക് പകരം കേരളത്തിൽ ബി.ജെ.പി ഒന്നാം ശക്തിയായി മാറണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പിൽ 350 സീറ്റുകളുമായി അധികാരത്തിൽ തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിൽ ഒരു പങ്ക് കേരളത്തിൽ നിന്ന് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.