ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ഉറിയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്ന് മിന്നലാക്രമണം(സർജിക്കൽ സ്ട്രൈക്ക്) നടത്തിയത്. സെപ്തംബർ 29ന് രണ്ട് വർഷം പൂർത്തിയാകുമ്പോൾ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സർക്കാർ. തീവ്രവാദികളുടെ ഒളി കേന്ദ്രത്തിൽ കയറി സൈന്യം ബോംബിട്ട് തകർക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
സെപ്തംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്ന് സൈനിക ക്യാമ്പിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.
എന്നാൽ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ പ്രതികാരത്തിൽ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയിൽ തിരികെയെത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി.