iran-

ന്യൂഡൽഹി: അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാതെ ഇന്ത്യ തങ്ങളിൽ നിന്ന് തന്നെ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ചർച്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി നടക്കുന്നതിനിടെയാണ് ഇരു നേതാക്കളും ന്യൂയോർക്കിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയത്.


സാമ്പത്തിക സഹകരണത്തിലും പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യ എപ്പോഴും സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സുഷമാ സ്വരാജുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവർത്തിച്ചുവെന്നും ഇറാനിയൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. തങ്ങളിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് ഇന്ത്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ വർഷം നവംബർ നാലിനകം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക അടുത്തിടെ അന്ത്യശാസനം നൽകിയിരുന്നു. എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബർ നാലോടെ അത് പൂർണമായും നിറുത്തണമെന്നാണ് യു.എസിന്റെ നിർദ്ദേശം. ഇന്ത്യയ്ക്കും ചൈനയ്‌ക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നും വാണിജ്യ ഉപരോധം അവർക്കും ബാധകമാണെന്നുമാണ് അമേരിക്കൻ നിലപാട്. എന്നാൽ തങ്ങളിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് നിറുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.