പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന്റെ റിലീസ് തീയതി അടുക്കുന്തോറും ഒടിയന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവരികയാണ്. ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഉണ്ടെന്നതാണ് പുതിയ വിവരം. തിരശീലയ്ക്കു മുന്നിലല്ല പിന്നിലാണ് മെഗാസ്റ്റാറിന്റെ സാന്നിദ്ധ്യം. ചിത്രത്തിൽ ഇൻഡ്രൊക്ഷൻ വോയ്സ് ഓവർ നൽകുന്നത് മമ്മൂട്ടിയാണെന്നാണ് അറിയുന്നത്. മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നതെന്നും സൂചനയുണ്ട്.
ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി മേജർ രവി ഒരുക്കിയ 1971 ബിയോണ്ട് ബോർഡേഴ്സിലും നരേഷൻ നൽകിയത് മമ്മൂട്ടിയായിരുന്നു. ഒടിയന്റെ യൗവനം മുതൽ 60 വയസുവരെയുള്ള കഥാപാത്രത്തെയാണ് മോഹൻലാൽ ഒടിയനിൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, സിദ്ദിഖ്, നരേൻ, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അൽത്താഫ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 14നാണ് തിയേറ്ററുകളിലെത്തുക.