ന്യൂഡൽഹി: വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതിയുടെ ചരിത്ര വിധി. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് ഇന്ന് രാവിലെ സുപ്രീംകോടതി വിധിച്ചു. ശാരീരിക ഘടനയുടെ പേരിൽ വിവേചനം പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കിൽ അവൾക്കും പോകാമെന്ന് നേരത്തെ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രപ്രവേശനത്തിനും പ്രാർത്ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആർത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാർമ്മികതയുടെ ലംഘനമാണെന്നും കോടതി അന്ന് വാക്കാൽ പറഞ്ഞിരുന്നു.
സ്ത്രീപ്രവേശന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിൻബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചിരുന്നു. ദേവസ്വം ബോർഡ്, എൻ.എസ്.എസ്, പന്തളം രാജകുടുംബം, പീപ്പിൾ ഫോർ ധർമ, ‘റെഡി ടു വെയ്റ്റ്’, അമിക്കസ് ക്യൂറി രാമമൂർത്തി തുടങ്ങിയവർ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹർജിക്കാർക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന തുടങ്ങിയവർ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചിരുന്നു.
സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ൽ അന്നത്തെ ഇടതുസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ശബരിമലയിൽ തത്‌സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ൽ യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. തുടർന്നുവന്ന ഇപ്പോഴത്തെ ഇടതുസർക്കാർ ഈ സത്യവാങ്മൂലം പിൻവലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതായും വ്യക്തമാക്കി.
നിരാശാജനകം
വിധി നിരാശാജനകമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജിവര് പറഞ്ഞു. എന്നാൽ, പരമോന്നത കോടതിയുടെ വിധി മാനിക്കുന്നുവെന്നും തന്ത്രി പറഞ്ഞു.