തിരുവനന്തപുരം : മ്യാൻമാറിൽ നിന്നും പലായനം ചെയ്ത് അനധികൃതമായി ഇന്ത്യയിലെത്തിയ രോഹിഗ്യകൾ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കേറുന്നതായി റെയിൽവേയുടെ മുന്നറിയിപ്പ്. വിദേശികളായ ഇവർക്കെതിരെ ഉത്തരേന്ത്യയിലടക്കം ശക്തമായ നടപടികൾ അധികാരികളെടുക്കുന്നതാണ് കേരളത്തിലേക്കെത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും രോഹിഗ്യകളുടെ സാന്നിദ്ധ്യം രാജ്യത്തിന്റെ തെക്ക് ഭാഗത്തായി കേന്ദ്രീകരിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 26ന് റെയിൽവേ സുരക്ഷാ വിഭാഗം പുറത്തിറക്കിയ സർക്കുലർ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നും ധാരാളം രോഹിഗ്യകൾ രാജ്യത്തിന്റെ തെക്ക് ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിൽ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടുവെന്നും, കേരളമാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ ചലനങ്ങൾ നിരീക്ഷിക്കണമെന്നതടക്കം ഇവർ സഞ്ചരിക്കുന്ന ട്രെയിനുകളുടെ വിവരങ്ങളുമായാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.