missing

 

ചേർത്തല:തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയെയും അദ്ധ്യാപികയെയും കാണാതായ സംഭവത്തിൽ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു.ഇവർ ഇന്ന് പൊലീസിന്റെ വലയിലായേക്കും.ഇരുവരും തമിഴ്നാട്ടിൽ ഉള്ളതായാണ് വിവരം.മൊബൈൽ ഫോൺ വിളി പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. മുഹമ്മ എസ്.ഐ അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു ടീമായി തിരിഞ്ഞ് തമിഴ്നാട്ടിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.നിലവിൽ ഉപയോഗിച്ചിരുന്ന സിംകാർഡ് മാറ്റി അതേ ഫോണിൽ മറ്റൊരു സിം ഉപയോഗിക്കുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഫോണിന്റെ ഐ.എം.ഇ നമ്പർ പിൻതുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.

23നാണ് തണ്ണീർമുക്കത്ത് നിന്നും ഇരുവരെയും കാണാതായത്. തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ് ചേർത്തല സ്വദേശിനിയായ 40 കാരി ഇതേ സ്‌കൂളിലെ തന്നെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് ഒപ്പമുള്ളത്.കാണാതായ ദിവസം അദ്ധ്യാപിക വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിയിരുന്നു.ഉച്ചയോടെ അദ്ധ്യാപികയെ ബസ് കയറ്റി വിടാനാണ് വീട്ടിൽ നിന്ന് പോയത്.അരമണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അദ്ധ്യാപികയെ ഫോണിൽ വിളിച്ചപ്പോൾ കുട്ടി വീട്ടിലേയ്ക്ക് തിരികെ പോയതായാണ് മറുപടി ലഭിച്ചത്.മണിക്കൂറുകൾ കഴിഞ്ഞും കാണാതായപ്പോൾ വീണ്ടും ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഒഫ് ചെയ്ത നിലയിലായിരുന്നെന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.