നിലമ്പൂർ : സ്വാദോടെ ചൂടാറാതെ കഴിച്ചപ്പോൾ ആരും അറിഞ്ഞില്ല, ഇറച്ചിക്കറി വയറ്റിലായപ്പോഴാണ് ആ വാർത്ത നാട്ടിൽ പാട്ടായത്, മാനിറച്ചി എന്ന് കരുതി അകത്താക്കിയത് സാക്ഷാൽ നായയുടെ ഇറച്ചിയാണെന്ന്. ഛർദ്ദിച്ച് അവശരായ നാട്ടുകാർ നേരെ വിട്ടത് ആശുപത്രിയിലേക്ക്. നിലമ്പൂരിലെ കാളികാവിലാണ് വേട്ടക്കാർ നാട്ടുകാരെ പറ്റിച്ചത്. കാട്ടിൽ കയറി മാനിനെ വേട്ടയാടി നല്ല വെടിയിറച്ചി നൽകാം എന്ന് പ്രലോഭിപ്പിച്ചാണ് ഇവർ നാട്ടുകാരെ പറ്റിച്ചത്. ഉയർന്ന വിലയ്ക്കാണ് ഇവർ മാംസം വിറ്റത്. ചിലർക്ക് ഇറച്ചി വേവിച്ചപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു, കൂടുതൽ സമയം എടുത്തിട്ടും ഇറച്ചി വേവാതിരുന്നതാണ് സംശയത്തിന് കാരണമായത്. കൂടാതെ കാളികാവിലെ മലയുടെ അടിവാരത്തുനിന്നും നിരവധി നായകളുടെ അറുത്തെടുത്ത തലകൂടി കിട്ടിയപ്പോൾ സംഗതി ഉറപ്പായി.ഛർദ്ദിച്ച് അവശരായവർക്ക് പൊലീസിൽ പരാതി നൽകാനും ഭയമാണ്, കാരണം വന്യമൃഗമായ മാനിറച്ചിക്കായി കാശ് നൽകിയത് നിയമപരമായി കുറ്റമാണ് അതിനാൽ പരാതി കിട്ടാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. അതേ സമയം വനം വകുപ്പിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.