തിരുവനന്തപുരം: പാർട്ടിയിൽ 25 ശതമാനം ഭാരവാഹിത്വം സ്ത്രീകൾക്ക് ബി.ജെ.പി അനുവദിക്കുന്നുണ്ടെങ്കിലും സംഘടനാപരമായ ചുമതലകൾ നൽകുന്നതിൽ വനിതകളായ ഭാരവാഹികളോട് അയിത്തം. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ദേശീയ തലംമുതൽ ബൂത്തു തലം വരെ ബി.ജെ.പി വനിതകൾക്ക് പ്രാതിനിധ്യം നൽകിയെങ്കിലും ബി.ജെ.പിയുടെ വനിതാഭാരവാഹികളെല്ലാം പദവി ഒരലങ്കാരമായി കൊണ്ടു നടക്കേണ്ട ഗതികേടിലാണ്.
ബി.ജെ.പിയുടെ നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ വനിത ശോഭാ സുരേന്ദ്രൻ മാത്രമാണ്. മറ്ര് ജനറൽ സെക്രട്ടറിമാർക്ക് നാലും അഞ്ചും ജില്ലകളടങ്ങിയ മേഖലാ ചുമതല നൽകിയപ്പോൾ ശോഭയ്‌ക്ക് മാത്രം ചുമതലയില്ല. കെ.സുരേന്ദ്രന് എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളടങ്ങിയ മദ്ധ്യമേഖലയുടെയും എം.ടി.രമേശിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉൾപ്പെടുന്ന ദക്ഷിണ മേഖലയുടേയും എ. എൻ.രാധാകൃഷ്ണന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ വടക്കൻ മേഖലയുടെമാണ് ചുമതല.
ജില്ലകളുടെ സംഘടനാ ചുമതല വീതിച്ചപ്പോഴും വനിതകളെ അവഗണിച്ചു. ഏഴ് വൈസ് പ്രസിഡന്റുമാരിൽ എം.എസ് സമ്പൂർണ, പ്രമീളനായിക് എന്നീ വനിതകളാണ് ഉള്ളത്. എട്ട് സെക്രട്ടറിമാരിൽ മൂന്നുപേർ വനിതകളാണ്. രേണുസുരേഷ്, രാജിപ്രസാദ്, ടി. ലീലാവതി എന്നിവർ. എന്നാൽ പുരുഷഭാരവാഹികൾക്കെല്ലാം ജില്ലാ ചുമതല നൽകിയപ്പോൾ സ്ത്രീകളെ പൂർണമായും ഒഴിവാക്കി.