തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയിൽ മാറ്റമില്ല. അതേസമയം, ഇരുവരുടെയും ചികിത്സയ്‌ക്കായി എയിംസിൽ നിന്നും വിദഗ്ദ്ധ ഡോക്ടമാരുടെ സംഘത്തെ എത്തിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. ഇന്നലെ രാത്രി ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ചർച്ച നടത്തിയെന്നാണ് വിവരം.
ഇരുവരും അബോധാവസ്ഥയിൽ തുടരുകയാണ്. നട്ടെല്ലിലെ ശാസ്ത്രക്രിയയക്ക് ശേഷം ബാലഭാസ്‌കർ വെന്റിലേറ്ററിൽ തുടരുകയാണ്. ഇതിനിടെ ഇന്നലെ രാത്രി വയറിലെ അണുബാധ നീക്കം ചെയ്യുന്നതിനായി ലക്ഷ്‌മിക്ക് ഒരു ശാസ്ത്രക്രിയ കൂടി നടത്തിയിരുന്നു. അബോധാവസ്ഥയിൽ തന്നെ ഇടയ്‌ക്ക് ലക്ഷ്‌മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
വാഹനാപകടത്തിൽ മരിച്ച മകൾ തേജസ്വിനി ബാലയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. അമ്മ ലക്ഷ്‌മിയുടെ തിട്ടമംഗലത്തെ വീട്ടിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംസ്‌കാരം. ചികിത്സയെ ബാധിക്കുമെന്നതിനാൽ ബാലഭാസ്‌കറിനെയും ഭാര്യയെയും കുഞ്ഞിന്റെ മൃതദേഹം കാണിക്കാതെയാണ് സംസ്‌കരിച്ചത്.