sabarimala

 

തിരുവനന്തപുരം: സുപ്രീം കോടതിയുടെ പശ്ചാത്തലത്തിൽ ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി. ശ്രീധരൻപിള്ള. സർക്കാർ ആരെയും പ്രകോപിതരാക്കരുതെന്നും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ദേവസ്വം ബോർഡ് ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിച്ചാൽ ബി.ജെ.പി എതിർക്കുമെന്നും മാദ്ധ്യമപ്രവർത്തരോട് ശ്രീധരൻ പിള്ള വ്യക്തമാക്കി.

ആരാധനാ രംഗത്തെ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും പരിഗണിക്കണം എന്നാണ് ബി.ജെ.പി ദേശീയ തലത്തിൽ സ്വീകരിച്ചിക്കുന്ന നിലപാട്. എന്നാൽ വിശ്വാസത്തെ ബലപ്പെടുത്തണം. വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവർത്തിയും ആരിൽ നിന്നും ഉണ്ടാവാൻ പാടില്ല. ഇക്കാരണത്താൽ കോടതി വിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോൾ കഴിയൂ. വിധി വായിച്ച ശേഷം ബി.ജെ.പി വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തിന് കോട്ടം വരാൻ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത എത്രയോ ആരാധനാലയങ്ങൾ മറ്റു സമുദായങ്ങളിലുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ശ്രീധരൻ പിള്ള പറഞ്ഞു.