ന്യൂഡൽഹി: സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന ഹർജിയിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ ഇന്ന് സുപ്രീം കോടതി വിധി പറഞ്ഞു. രാജ്യം മുഴുവൻ ശ്രദ്ധയാകർഷിച്ച കേസിന്റെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത് 1990ലെ ഒരു പത്രത്തിലെ ചിത്രമാണ്. പിന്നീട് 28 വർഷത്തെ നിയമ പോരാട്ടങ്ങൾ. 2006ൽ സുപ്രീം കോടതിയിൽ എത്തിയ കേസിൽ 12 വർഷത്തിന് ശേഷമാണ് ഇന്ന് വിധി വന്നത്.
1990 ഓഗസ്‌റ്റ് 19ന് ഒരു ദിനപത്രത്തിൽ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വച്ച് നടത്തുന്നതിന്റെ ചിത്രം വന്നിരുന്നു. ഇതിനെ തുടർന്ന് ശബരിമലയിൽ ചിലർക്ക് വി.എെ.പി പരിഗണന ലഭിക്കുന്നുവെന്നും യുവതികൾ ശബരിമലയിൽ കയറുന്നുണ്ടെന്നും കാണിച്ച് ചങ്ങനാശേരി സ്വദേശി എസ്. മഹേന്ദ്രൻ 1990 സെപ്‌തംബർ 24ന് ഹെെക്കോടതിയിൽ പരാതി നൽകിയതോടെയാണ് ചരിത്രപോരാട്ടത്തിന് തുടക്കം കുറിക്കുന്നത്.
ഇതിനെ തുടർന്ന് 1991 ഏപ്രിൽ അഞ്ചിന് ശബരിമലയിൽ സ്ത്രീപ്രവേശനം നിരോധിച്ച് കൊണ്ട് ഹെെക്കോടതി വിധി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിയിൽ ഹെെക്കോടതി വ്യക്തമാക്കി. ഈ വിധിയെ ചോദ്യം ചെയ്‌ത ഹർജിയൊന്നും പിന്നീട് ഉണ്ടായില്ലെങ്കിലും 15 വർഷത്തിന് ശേഷം 2006ലാണ് യംഗ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകുന്നത്.
പതിനൊന്ന് വർഷത്തിന് ശേഷം 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിൽ എത്തിയതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കിൽ അവൾക്കും പോകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രപ്രവേശനത്തിനും പ്രാർത്ഥനയ്‌ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആർത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാർമ്മികതയുടെ ലംഘനമാണെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.