തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രെെസ്‌തവ സഭകളെയും മത ന്യൂനപക്ഷ വിഭാഗങ്ങളേയും കൂടെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബി.ജെ.പി. ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം ക്രെെസ്‌തവരെയും കൂടെ കൂട്ടാനായാൽ കേരളത്തിൽ വിജയിക്കാൻ ആവുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ഇതിന്റെ ഭാഗമായി ക്രെെസ്‌തവ സമുദായത്തെ ലക്ഷ്യം വച്ച് നീങ്ങാൻ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകിയെന്നാണ് സൂചന.
അടുത്തിടെ കോട്ടയത്ത് നിന്നും മൂന്ന് വെെദികരെയും ഒരു വെെദിക ട്രസ്റ്റിയേയും സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഇടപെട്ട് ബി.ജെ.പിയിൽ എത്തിച്ചിരുന്നു. ക്രെെസ്‌തവ സഭകളിൽ ബി.ജെ.പി നിലയുറപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. കൂടുതൽ വെെദികരും വിശ്വാസികളും പാർട്ടിയിൽ എത്തുമെന്നാണ് സംസ്ഥാന നേതൃത്വവും കണക്ക് കൂട്ടുന്നത്. ബി.ജെ.പി ഏതെങ്കിലും ഒരു മതത്തിന്റെ പാർട്ടിയല്ലെന്നും എല്ലാ മതസ്ഥരേയും ഉൾക്കൊള്ളുന്ന പാർട്ടിയാണെന്നും ബോദ്ധ്യപ്പെടുത്തി ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിൽ എത്തിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
ബി.ജെ.പിയിൽ ചേരുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഒരു സഭാ മേധാവി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. തങ്ങളുടെ നീക്കത്തിന് ഈ പ്രസ്‌താവനയും ശക്തി പകരുമെന്ന് ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടുന്നു.