നാനാ പടേക്കറിനെതിരെ ലെെംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത്. 2005 ൽ പുറത്തിറങ്ങിയ ചോക്ളേറ്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഇർഫാൻ ഖാന്റെ മുഖത്ത് ഭാവങ്ങൾ വരുന്നതിന് തന്നോട് വസ്ത്രമഴിച്ച് നൃത്തം ചെയ്യാൻ സംവിധായകനായ അഗ്നിഹോത്രി ആവശ്യപ്പെട്ടുവെന്നാണ് തനുശ്രീയുടെ ആരോപണം.
'' ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി. എന്നാൽ ഇക്കാര്യം എതിർത്ത് ഇർഫാൻ തന്നെ രംഗത്ത് വരികയായിരുന്നു. തനിക്ക് ഭാവം വരാൻ നടി വസ്ത്രം അഴിക്കേണ്ടതില്ലെന്ന് ഇർഫാൻ പറഞ്ഞു. എന്റെ ക്ളോസപ്പ് രംഗം എങ്ങനെ ഷൂട്ട് ചെയ്യണമെന്നും അഭിനയിക്കാനും അറിയാമെന്നായിരുന്നു ഇർഫാന്റെ മറുപടി""- തനുശ്രീ പറഞ്ഞു. ഇർഫാന്റെ ഈ നിലപാട് എന്നിൽ ഏറെ മതിപ്പുളവാക്കി. സുനിൽ ഷെട്ടിയും സംഭവം നടക്കുമ്പോൾ അവിടുണ്ടായിരുന്നു. അദ്ദേഹവും തന്നെ പിന്തുണച്ചു. ഇതു പോലെ നല്ല വ്യക്തികളും സിനിമാ മേഖലയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.