തിരുവനന്തപുരം: കേരളസർവകലാശാലയിൽ സാലറി ചലഞ്ചിന് വിസമ്മതിച്ച അദ്ധ്യാപികയുടെ യു.ജി.സി ഗവേഷണ പദ്ധതിക്ക് തടയിടാൻ ശ്രമമെന്ന് പരാതി. ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിലെ അസി.പ്രൊഫസർ ഡോ.പ്രേമയ്ക്ക് യു.ജി.സി അനുവദിച്ച 65 ലക്ഷം രൂപയുടെ ഭാഷാഗവേഷണ പദ്ധതിക്കായി കാര്യവട്ടത്തെ പുതിയ കെട്ടിടത്തിൽ ലാംഗ്വേജ് ലാബിന് വൈസ്ചാൻസലർ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സാലറി ചലഞ്ചിന് വിസമ്മതിച്ചതോടെ ലാംഗ്വേജ് ലാബിന് രണ്ട് മുറികൾ നൽകാനാവില്ലെന്ന് സർവകലാശാലാ എൻജിനിയറിംഗ് വിഭാഗം നിലപാടെടുത്തു. മാർച്ച് 31നകം പണം വിനിയോഗിച്ചില്ലെങ്കിൽ ഗവേഷണ ഫണ്ട് ലാപ്‌സാവും.
ആദിവാസികളുടേതടക്കം കേരളത്തിലെ ഭീഷണി നേരിടുന്ന ഭാഷകളെക്കുറിച്ചുള്ള പഠനത്തിനാണ് യു.ജി.സി 65ലക്ഷം രൂപയുടെ ഗവേഷണപദ്ധതി അനുവദിച്ചത്. ഗോത്രവിഭാഗങ്ങളുടെ ശബ്ദം, സംസാരം, വാക്കുകൾ എന്നിവ റിക്കാർഡ് ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കി ലാബിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായാണ് കാര്യവട്ടത്ത് ലാംഗ്വേജ് ലാബിന് രണ്ട് മുറികൾ തേടിയത്. ഇന്നലെ ലാബിന്റെ പണി തുടങ്ങാൻ ടെക്നീഷ്യന്മാർ എത്തിയപ്പോഴാണ് മുറികൾ നൽകില്ലെന്ന് എൻജിനിയറും അസി.എൻജിനിയറും അറിയിച്ചത്. സാലറിചലഞ്ചിന് വിസമ്മതിച്ചതിനുള്ള പ്രതികാര നടപടിയാണിതെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു. പ്രതിപക്ഷത്തുള്ള കേരള സർവകലാശാലാ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ് ഡോ.പ്രേമ.
പ്രൊഫസർമാർ 1.80ലക്ഷം, അസോസിയറ്റ് പ്രൊഫസർമാർ 1.10ലക്ഷം, അസി.പ്രൊഫസർമാർ 60,000 രൂപ വീതമാണ് സാലറിചലഞ്ചിലേക്ക് നൽകേണ്ടത്. സർക്കാരിന്റെ സാലറിചലഞ്ച് ഏറ്റെടുക്കാമെന്നും 15ഗഡുക്കളായി ശമ്പളം നൽകാമെന്നും നേരത്തേ പ്രതിപക്ഷസംഘടനകൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ 10ഗഡുക്കളായി നൽകണമെന്ന് സർവകലാശാല ഉത്തരവിറക്കി. ഇതിൽ പ്രതിഷേധിച്ച് ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് സംഭാവന നൽകാമെന്ന് അദ്ധ്യാപകർ നിലപാടെടുത്തു. 1400അദ്ധ്യാപകരിൽ 690പേരും സാലറിചലഞ്ചിന് വിസമ്മതിച്ചിട്ടുണ്ട്. ഇതോടെ കരിയർ അഡ്വാൻസ്ഡ് പ്രൊമോഷനെ ബാധിക്കുമെന്ന് അദ്ധ്യാപകരെ വിരട്ടുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് വൈസ്ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതാക്കൾ അറിയിച്ചു.