കാട്ടാക്കട: പൂവച്ചൽ പേഴുംമൂടിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് ഉടമയുടെ ബന്ധുവായ വൃദ്ധൻ വെന്തു മരിച്ചു. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പൂവച്ചൽ കാപ്പിക്കാട് ചിത്തിര ഭവനിൽ സുരേന്ദ്രൻ നായരാണ് (75) മരിച്ചത്. കാട്ടാക്കട - കോട്ടൂർ റോഡിൽ പേഴുംമൂടിന് സമീപം സീറോ ജംഗ്ഷനിൽ കാപ്പിക്കാട് സ്വദേശി രാജീവിന്റെ ഉടമസ്ഥതയിലുള്ള പൂരം ഹോം അപ്ളയൻസസ് ആന്റ് ഫർണിച്ചർ മാർട്ടാണ് അഗ്നിക്കിരയായത്.
രാജീവിന്റെ പിതൃസഹോദരനാണ് സുരേന്ദ്രൻ നായർ. കടയിൽ സുരേന്ദ്രൻ നായർക്കൊപ്പമുണ്ടായിരുന്ന രാജീവിന്റെ സഹോദരൻ സജീവ്, ജോലിക്കാരൻ കണ്ണൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ് തീ പിടിച്ചത്. താഴത്തെ നിലയിൽ ഗോഡൗണിൽ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്രൻ നായർക്ക് തീ പടർന്നപ്പോൾ പുറത്ത് കടക്കാനാകാതെവരികയിരുന്നു.
തീപടരുന്നത് കണ്ട് സുരേന്ദ്രൻ നായർ അലറിവിളിച്ചത് കേട്ട് സമീപത്തെ വീട്ടിലുള്ളവർ ഓടിയെത്തിയെങ്കിലും അകത്ത് കടക്കനാകാത്ത സ്ഥിതിയായിരുന്നു. ഇതിനിടയിൽ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന കണ്ണൻ,സജിവ് എന്നിവരെ നാട്ടുകാർ വിളിച്ചുണർത്തി രക്ഷപ്പെടുത്തി.
കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, നെയ്യാർ ഡാം, വിതുര എന്നിവിടങ്ങളിൽ നിന്ന് ഏഴോളം അഗ്നിശമന സേന യൂണിറ്റും കാട്ടാക്കട, ആര്യനാട്, മാറനല്ലൂർ പൊലീസും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.
തീ നിയന്ത്രണ വിധയാക്കിയ ശേഷം പുലർച്ചെ ഗോഡൗണിലെ ബാത്ത്റൂമിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ സുരേന്ദ്രൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താഴത്തെ നിലയിലുണ്ടായിരുന്ന സെറ്റികൾ,ദിവാൻകോട്ടുകൾ,ഡൈനിംഗ് ടേബിളുകൾ, കസേരകൾ,കട്ടിലുകൾ,വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മെത്തകൾ എന്നിവയെല്ലാം കത്തി നശിച്ചു. രണ്ടാം നിലയിൽ ഉണ്ടായിരുന്ന ഹോം അപ്ലൈൻസസ് ഉപകരണങ്ങളും ചൂടിൽ ഉരുകി നശിച്ചു. കെട്ടിടത്തിന് വിള്ളലുമുണ്ട്. സമീപത്തെ വീടിന്റെ ജനൽ ചില്ലുകൾ പൊട്ടുകയും പൈപ്പുകൾ ഉരുകിപ്പോവുകയും ചെയ്തു.
ഓണക്കച്ചവടത്തിനായി ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ വൻതോതിൽ സ്റ്റോക്ക് ചെയ്തിരുന്നെങ്കിലും കച്ചവടം കുറവായിരുന്നു. മോഷണം ഭയന്നാണ് സുരേന്ദ്രൻ നായരുൾപ്പെടെയുള്ളവർ കടയ്ക്കുള്ളിൽ രാത്രി തങ്ങിയിരുന്നത്. കടയിൽ സി.സി ടി.വി കാമറകളും സ്ഥാപിച്ചിരുന്നു. കടയുടെ പിൻവശത്ത് നിന്നാണ് തീപിടിത്തതിന്റെ തുടക്കം. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് സൂചന. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ്‌പക്‌ടറേറ്റിന് കത്ത് കൊടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കടയിലെത്തി തെളിവെടുപ്പും നഷ്ടത്തിന്റെ കണക്കും എടുത്തു. നഷ്ടം കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ലളിതയാണ് സുരേന്ദ്രൻ നായരുടെ ഭാര്യ. മക്കൾ:ചിത്ര, മഞ്ചു.